Friday 29 April 2016

ഗ്വേർണിക്ക*


'ഒളിപ്പിച്ചുകടത്തുന്ന സത്യങ്ങൾ' എന്ന ആശയത്തിനുപകരമായി
ഒരു ഒറ്റവാക്ക് തെരയുകയായിരുന്നു
കള്ളക്കടത്ത് എന്നപോലെ സത്യക്കടത്ത് എന്ന് പറഞ്ഞാലോ
എന്ന് ആലോചിക്കുകയായിരുന്നു
(സത്യത്തെ ഒളിപ്പിക്കേണ്ട കാര്യമില്ലാത്തതിനാലാകാം
ഒരു ഭാഷയിലും അങ്ങനെ ഒരുവാക്കില്ലായിരുന്നു)
ഒന്നിനെ അതായിത്തന്നെ എഴുതാതിരിക്കാൻ
പറയാതിരിക്കാൻ
കേൾക്കാതിരിക്കാൻ
കാണാതിരിക്കാൻ
ഒരു പോംവഴി തെരയുകയായിരുന്നു
എൻറെ നാട്ടിൽ ഇപ്പോൾ അതാണ് നല്ലത്

ഗൂഗിളിൽ സെർച്ച് ചെയ്ത് അവസാനം
ഗ്വേർണിക്കയിലെ ഒരു ഇരുട്ട് മുറിക്കുള്ളിലെത്തി
അതിനു വെളിയിൽ ഒരു തകർന്ന നഗരം
ഇരുണ്ടുകത്തുന്ന പന്തംപോലെ വാലുള്ള കാള
പൊട്ടിത്തെറിക്കാറായ ബോംബുകൾ പോലെ
അതിൻറെ വിഷബീജംനിറഞ്ഞ വൃഷ്ണങ്ങൾ
ചത്ത കുഞ്ഞുങ്ങളുള്ള അമ്മമാരുടെ നിലവിളി
നാവിൽ കുന്തംതറഞ്ഞുപിടയുന്ന
കുതിരയുടെ നിലവിളി
നെഞ്ചിൽ കൊമ്പുകോർത്തു നിൽക്കുന്ന കാളയെപ്പോലെ
അതിൻറെ ഒടിഞ്ഞകാൽ
കരയുന്ന പക്ഷി
ഇഴഞ്ഞുനീങ്ങുന്ന
കരഞ്ഞുതീരുന്ന
എരിഞ്ഞടങ്ങുന്ന
പെണ്ണുങ്ങൾ
മുറിവുകൾ
വേദനകൾ
രക്തസാക്ഷിയുടെ ഉടഞ്ഞവാളിൽനിന്ന് മുളച്ചപൂവുകൾ
ചിതറിയ കബന്ധങ്ങൾ
ചില വെളിച്ചങ്ങൾ

ആ മുറി ഒരു മുറിയല്ലെന്നെന്നു തോന്നി
ആ മുറി ഒരു മുറിവാണെന്നു തോന്നി
ആ കുതിര, കാള, നഗരം
ഒന്നും അതല്ലെന്നു തോന്നി
അതാണെന്നു തോന്നി

'ഒളിപ്പിച്ചുകടത്തുന്ന സത്യങ്ങൾ' എന്ന ആശയത്തിനുപകരമായി
ഒരു ഒറ്റവാക്ക് തെരയുകയായിരുന്നു
അങ്ങിനെ ഞാൻ ഗ്വേർണിക്കയിലെത്തി




-----------------------------------------------------
* ഫാസിസ്റ്റ് ബോംബിങ്ങിൽ തകർന്ന ഒരു സ്പാനിഷ് നഗരം, പിക്കാസോയുടെ വിശ്വപ്രസിദ്ധമായ ചിത്രം. ചിത്രം ഗൂഗിളിൽ നിന്ന്.

Tuesday 17 November 2015

വരണ്ട പുഴയെക്കുറിച്ച് ഒരുപന്യാസം

വരണ്ട ഒരു പുഴയൊഴുകി‌
അതിൻറെ തീരത്ത്, വയലിൻറെയോരത്ത്
ഇടിമിന്നലേറ്റ് തലപോയ തെങ്ങൊന്ന് വിറകൊണ്ടുനിന്നു.
അതിൽ ഒരു മച്ചിപ്പശുവിനെ കെട്ടിയിരുന്നു
വരണ്ട പുഴപോലെ, അതിൻറെ ഗർഭപാത്രം
ചാണകമുണങ്ങിയ വാലിൽ കടിച്ചുതൂങ്ങിയ ചെള്ളുകൾ
മുന്തിരിക്കുലപോലെ, അണ്ഡങ്ങൾപോലെ*
പാടത്ത് പശു ചെള്ള് വിതച്ചു
ചെള്ള് വിളഞ്ഞ പാടത്ത്
പശുവിന്‍െറ മൂത്രം വെടിയുപ്പു മണത്തു‌
അതിൻറെ ചാണകം പച്ചയ്ക്കു കത്തി
പശുമേഞ്ഞ വയലുകളൊക്കെ കത്തി
കരിഞ്ഞ വിളതിന്ന നാടുകത്തി
വരണ്ട ഒരു പുഴയൊഴുകി
അതിൻറെ തീരങ്ങളിൽ ശവങ്ങൾപൂത്തു
ശവങ്ങൾ പൂത്തുവരണ്ട ഒരു പുഴയൊഴുകി


----------------------------------------------------------

Wednesday 3 June 2015

ദുരർത്ഥം

എന്താണിവയ്ക്കെല്ലാം അർത്ഥം?
വരണ്ട രാത്രിയിൽ, ഉഷ്ണക്കിടക്കയിൽ
ജ്വരമൂർച്ഛയാർന്ന ശകലിത നിദ്രയിൽ
സ്വപ്നങ്ങളിൽ ഞാൻ കാണുന്നവയ്ക്ക്?

ഇരുളിലാഴ്ന്ന ഒരു വീടിൻറെ
ചതുരത്തിൽ കുഴിഞ്ഞ നടുത്തളം കാണുന്നു.
വാതിൽ തുറന്ന്, അകത്തേക്കു കാൽവെച്ചാൽ
അന്ധകാരത്തിൻറ ആഴങ്ങളിൽ വീണ് ഞാനൊറ്റയാകും.

ഒരു സ്വപ്നത്തിൻ ഇരുൾമുറിക്കുള്ളിൽ
എൻറെ ചങ്ങല കിലുക്കം കേൾക്കുന്നു.
വർണ്ണ സ്വപ്നങ്ങൾ കൊരുത്തിട്ട ചൂണ്ടയിൽ
എന്നാത്മാവ് നിരാലംബമായ് പിടയുന്നു.

കറുത്ത ഒരു കവിത തിളയ്ക്കുന്ന നദിയായൊഴുകുന്നു.
മുൾച്ചെടിക്കാടുകൾ മുടിച്ച തീരങ്ങളിൽ
പിടിച്ചേറുവാനാകാതെ അതിൽ
ഞാൻ മുങ്ങി മരിക്കുന്നു.

പഞ്ചേന്ദ്രിയങ്ങളിലും അവനവനെയറിയുന്ന
ജനസഞ്ചയമിരമ്പുന്ന ഒരു തെരുവുകാണുന്നു.
അവിടെയൊരു പട്ടിയെൻ ശവം തിന്നുന്നു.
ആദ്യമത് തിന്നത് നാവായിരുന്നു.
പിന്നെ കാതുകൾ.
കണ്ണുകൾ മാന്തി പുറത്തിടുന്നു
കാക്കകൾ കൊത്തി വലിച്ചിട്ട കുടലുകൾ
പുഴുക്കൾ നുരയ്ക്കും പുഴകളായ് തീരുന്നു
എന്താണിവയ്ക്കെല്ലാം അർത്ഥം?

Tuesday 3 March 2015

ബാബേൽ

ആകാശത്തിൻറെ അതിരിൽ കടലെന്നപോലെ,
നീലക്കരയുള്ള വെളുത്തശിരോവസ്ത്രമണിഞ്ഞ കന്യാസ്ത്രീകൾ
ജൈവകൃഷി നടത്തുന്ന പാടത്തിൻറെ നടുവിലൂടെ-
പട്ടണത്തിലേക്കുള്ള വഴി.
ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൻറെ മുന്നിൽ
നാൽക്കവലയിൽ നിന്ന് അത് തുടങ്ങുന്നു
ലോകംമുഴുവൻ ചുറ്റി അവിടെത്തന്നെ അവസാനിക്കുന്നു.

ജീവശാസ്ത്രപുസ്തകത്തിലെ
ഭക്ഷണശൃംഘലയെ വികൃതമായനുകരിച്ച്
കറുത്ത റോഡിലൊട്ടിയ പ്രാണികൾ തവള പാമ്പ് പൂച്ച പട്ടി മനുഷ്യര്‍
ഇരുകൈകൊണ്ടും പിടിച്ചുതൂങ്ങിയ ഒരു കടവാതിൽ
കസർത്തുകാട്ടുന്ന ഇലക്ട്രിക് ലൈനിൽ നിന്ന്
ചത്തുവീണ കാക്കകൾ കിളികൾ
ചീഞ്ഞ കോഴിക്കുടലിൻറെ കൊതിപ്പിക്കുന്ന ഗന്ധംപിടിച്ച കുറുക്കന്മാർ
ദഹിക്കാത്ത ആനപ്പിണ്ഡം, ദ്രവിക്കാത്ത ഇരുമ്പാണി
ടയറുരഞ്ഞ കറുത്ത പാടുകൾ
നിലക്കാത്ത വേഗങ്ങള്‍
ഓരോ റോഡും ഓരോ ഇൻസ്റ്റലേഷനാണ്.

കവലയിൽ കുന്തിച്ചിരിക്കുന്ന ഉത്തരേന്ത്യക്കാരൻ ഭയ്യ
ശിവമൂലിപ്പുകയിലലിഞ്ഞ് മഞ്ഞച്ച പല്ലുകൾ കാട്ടിച്ചിരിച്ച്
ഫിലോസഫി പറയുന്നു -
"യെഹീ വോ രാസ്താ ഹേ ജോ ഘർ സേ ആത്താ ഹേ
ഓർ വാപസ് ഭീ ജാതാ ഹേ"
പാൻപരാഗ് ചവയ്ക്കുന്ന ബംഗാളി കൂട്ടൂകാരൻ,
ഒഴുകുന്ന റോഡിന്‍റെ ആഴങ്ങളിലേക്ക്
ഹൗറാ ബ്രിഡ്ജിനടിയിലേക്കെന്ന പോലെ നോക്കി
ഭൂതകാലമോർത്ത്, ബീഡിപുകപുരണ്ട ചിരി കുരച്ചുതുപ്പുന്നു
''ഘർവാപസീ? ഹഹഹ''
വിഷംനിറച്ച സിലിക്കോൺ മുലകളുമായി നഗരം
അവരെയും കാത്തിരിക്കുന്നു.

കവിയും ഭ്രാന്തനുമായ പഴയ വിപ്ലവകാരി
കഞ്ചാവ് ബീഡി കടംവാങ്ങിവലിച്ച്
കലുങ്കിൻറെ മുകളിൽ കയറി
വലംകൈയുയർത്തി മുന്നോട്ടാഞ്ഞ്
മുസോളിയത്തിൽ നിന്ന് ഇപ്പോൾ ഇറങ്ങിവന്നഒരാളെപ്പോലെനിന്ന്
പലഭാഷകളിൽ കലമ്പുന്ന ജനക്കൂട്ടത്തെ
ഇങ്ങനെ അഭിസംബോധനചെയ്യുന്നു
"ബാബേൽഗോപുരം പണിയുന്നവരേ,
നിങ്ങൾക്ക് കവിതകളല്ല,
ആസൂത്രിതമായ ഒറ്റയാൾ ചാവേർ കലാപങ്ങളാണ് വേണ്ടത്
അതാണ് വേണ്ടത്.
അതാണ് വേണ്ടത്."

Saturday 14 February 2015

ചുംബനസാരം

പ്രിയേ,
അധരങ്ങളുണർന്ന്
ദന്തങ്ങളുരഞ്ഞ്
നാവുകളുലഞ്ഞ്
ഉമിനീരലിഞ്ഞ്
ഒരു ചുംബനത്തിൽ
നമുക്ക് ഈ പ്രപഞ്ചമുപേക്ഷിക്കുക.

സഹസ്രകോടി പ്രകാശവർഷങ്ങൾക്കുദൂരെ
അണഞ്ഞ താരകങ്ങളുടെ വെളിച്ചം
കാണുന്നിടത്തേക്ക് നാം പോവുക.
നാം ഒരുമിച്ച പ്രണയത്തിൻ പ്രകാശത്തിൽ
നക്ഷത്രമായ്ത്തീര്‍ന്ന ഭൂമിയെക്കാണാം.

ത്രികാലങ്ങൾക്കപ്പുറം
വൈദ്യുതാലിംഗനമേറ്റൊരു
സമയത്തിൽ, സ്ഥലരാശികളിൽ-
അമരരായ്ത്തീരുവാൻ നമുക്ക് ചുംബിക്കുക
മരിക്കാതിരിക്കാൻ നമുക്ക് പ്രണയിക്കുക.



ശ്രീക്ക്... ഇത് നമ്മുടെ ആദ്യ വലന്‍റൈന്‍ ദിനം....

Friday 26 December 2014

ഉറപ്പാണ്...

ദൈവം ഉണ്ട്
അല്ലെങ്കിലാരാണ് ഇളംകരിക്കിനുള്ളിൽ
വെള്ളം നിറയ്ക്കുക.
മൂത്ത തേങ്ങ വെട്ടിയുണക്കി
ആട്ടിയാൽ വെളിച്ചെണ്ണവരുത്തുക.

ദൈവം ഉണ്ടെന്നുറപ്പാണ്
അല്ലെങ്കിലാരാണ്
ഇളംകുരുന്നിനുള്ളിൽ സ്നേഹം വളർത്തുക.
മൂത്തവർ തങ്ങളിൽ വെട്ടിമരിക്കുമ്പോൾ
ഒരേ രക്തം വരുത്തുക.

Friday 12 December 2014

ഓഷ്വിറ്റ്സിലെ ആടുജീവിതങ്ങൾ

നിസ്സഹായനായ നജീബിൻറെ വൈയക്തികമായ തകർച്ചകളുടെയും, ശുഭപ്രതീക്ഷയോടുകൂടിയ അയാളുടെ പൊരുതലുകളുടെയും കഥയായിരുന്നു ബെന്യാമിൻറെ ആടുജീവിതം. പ്രവാസം എന്ന അത്രയൊന്നും സുഖകരമല്ലാത്ത അവസ്ഥയോട് അതിപരിചിതനായ മലയാളിക്ക്, കഥയിലെ നജീബിൽ ഏറിയും കുറഞ്ഞും തന്നെയോ തൻറെ പരിചയക്കാരെയോ കണ്ടെത്താനോ ഭാവനചെയ്യാനോ സാധിച്ചു. ക്രാഫ്റ്റിലും അവതരണാവേഗത്തിലും പുതുമയുണ്ടായിരുന്ന, ഒരസാധാരണ ജീവിതാവസ്ഥയുടെ സാധാരണ കഥാനാവരണമായിരുന്ന ആടുജീവിതം മലയാളികൾ ഏറ്റെടുത്തു. അത്രയൊന്നും വായനാശീലരല്ലാത്ത, അത്യധ്വാനികളായ കൂലിപ്പണിക്കാർക്ക് ഭൂരിപക്ഷമുള്ള പ്രവാസിസമൂഹം നജീബിനൊപ്പം തങ്ങളുടെ ഉള്ളിലുള്ള മരുഭൂമികൾ താണ്ടുകയായിരുന്നു. പല പതിപ്പുകളായിറങ്ങിയ ആ പുസ്തകത്തിൻറെ സ്വീകാര്യതയ്ക്കുപിന്നിൽ അവർക്ക് വലിയ സ്ഥാനമുണ്ട്. നോവലിസ്റ്റും കാലങ്ങളായി ഒരു പ്രവാസിയായിരുന്നു. താൻ പരിചയപ്പെടാനെത്തിയ യഥാർത്ഥ ജീവിതത്തിലെ നജീബ്, ഭൗതികവാദത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ചചെയ്യുകയായിരുന്നു എന്നും, നോവലിൽ താൻ തൻറെ ഭാവനാനുസൃതമായി അദ്ദേഹത്തെ പുനരാവിഷ്കരിക്കുകയായിരുന്നു എന്നും ബെന്ന്യാമിൻ അനുസ്മരിക്കുന്നുണ്ട്.

ആടുജീവിതത്തോട് ചേർത്ത് വായിക്കേണ്ട നോവലാണ് ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി. രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി ജർമ്മനിയിലെ ജൂതവേട്ടയുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ പുസ്തകം മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള ലോകനോവലാണെന്ന് നിസ്സംശയം പറയാം. അരുൺ ആർഷ എന്ന നോവലിസ്റ്റിൻറെ അസാധാരണമായ പ്രതിഭാപൂർണതകൊണ്ടും ധിഷണാശേഷികൊണ്ടും അനന്യമായ ഈ ഗ്രന്ഥത്തിന്, മലയാള ഭാഷയിൽ മുൻമാതൃകകൾ ഉണ്ടായിട്ടില്ല. എല്ലാ ചെകുത്താന്മാരും ജനിക്കുന്നത് ദൈവനാമത്തിലാണ് എന്നു പറയുന്ന പോരാളി ഇതിഹാസസമാനമായ തലത്തിലേക്കുയരുന്നുണ്ട്. മനുഷ്യരാശികണ്ട ഏറ്റവും വലിയ ഉന്മൂലനത്തിന് പാത്രമായ ഒരു ജനതയെയും, അവരുടെ അഭിമാനബോധത്തെയും ലോകത്തിലെ ഏറ്റവും വലിയ മരണ ഫാക്ടറിയിലെ അവരുടെ ചെറുത്തു നിൽപ്പുകളെയും ഓർമ്മിപ്പിക്കുന്നതുകൊണ്ടുമാത്രമല്ല ഓഷ്വിറ്റ്സിലെ പോരാളി ഒരു ഇതിഹാസമാകുന്നത്. മറിച്ച്, വേട്ടയാടപ്പെട്ടിരുന്നവർ വേട്ടക്കാരായിമാറിയപ്പോൾ, തങ്ങളുടെ സഹോദരരോട് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകൾ വർത്തമാനകാലത്തിലെ വൈരുദ്ധ്യമായി അവശേഷിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്.  ജാതിയും മതവും വംശമഹിമയും വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും അസന്തുഷ്ടിയും ചേർന്ന് ജീവിതത്തെയും മാനുഷികഭാവങ്ങളെയും അത്യന്തം സങ്കീർണ്ണമാക്കിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി ഒരു ചരിത്ര നോവൽ എന്നതിനപ്പുറം, ഭീതിതമായ ഭാവിപ്രവചനമായിത്തീരുന്നത് തിരിച്ചറിയാം. ഒരു ചരിത്രവും വെറും ചരിത്രംമാത്രമല്ല. അത് ഭാവിയിലേക്കുള്ള ചൂണ്ടുപലകകൂടിയാണ്. രാഷ്ട്രീയപരവും ചരിത്രപരവുമായ അസാധാരണമായ ഉൾക്കാഴ്ചകൾ നൽകിയാണ് പോരാളിയുടെ ഓരോ അദ്ധ്യായവും പൂർത്തിയാവുന്നത്. എന്തുകൊണ്ടാണ് ഈ പുസ്തകത്തിന് അർഹമായ അനുവാചക-അക്കാദമിക പരിഗണനകൾ ലഭിക്കാത്തത്? അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അവനവനിസത്തിൽ അഭിരമിക്കുന്ന മലയാളിത്തമാണ് അതിനുകാരണം എന്നു തോന്നുന്നു. വ്യക്തികളുടെ അതിനാടകീയമായ ശോകാവസ്ഥകൾക്ക് പരിഗണനലഭിക്കുകയും, സമൂഹത്തെയും രാഷ്ട്രത്തെയും ഗ്രസിച്ചിരിക്കുന്ന ദുരിതപര്യവസായിയായ രാഷ്ട്രീയാവസ്ഥകൾ മനപൂർവ്വം അവഗണിക്കപ്പെടുകയും ചെയ്യുപ്പെടുന്നു.

ഈ വർഷം വായിച്ചതിൽ ഏറ്റവും ഉലച്ച പുസ്തകമായി, ഏറ്റവും മികച്ച പുസ്തകമായി ഓഷ്വിറ്റ്സിലെ ചുവന്നപോരാളിയെ ഞാൻ അടയാളപ്പെടുത്തുന്നു. അസഹിഷ്ണുതയുടെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പുഴുക്കളെപ്പോലെ പിടഞ്ഞുമരിച്ച ഓരോ വ്യക്തിയും ഞെട്ടിക്കുന്ന ഭീതിപ്പെടുത്തുന്ന അപായസൂചനകൾ നൽകുന്ന ഒരിരമ്പലോടെ എൻറെ തലച്ചോറിനുള്ളിൽ ആർത്തുകൊണ്ടിരിക്കുന്നു.