Tuesday 17 November 2015

വരണ്ട പുഴയെക്കുറിച്ച് ഒരുപന്യാസം

വരണ്ട ഒരു പുഴയൊഴുകി‌
അതിൻറെ തീരത്ത്, വയലിൻറെയോരത്ത്
ഇടിമിന്നലേറ്റ് തലപോയ തെങ്ങൊന്ന് വിറകൊണ്ടുനിന്നു.
അതിൽ ഒരു മച്ചിപ്പശുവിനെ കെട്ടിയിരുന്നു
വരണ്ട പുഴപോലെ, അതിൻറെ ഗർഭപാത്രം
ചാണകമുണങ്ങിയ വാലിൽ കടിച്ചുതൂങ്ങിയ ചെള്ളുകൾ
മുന്തിരിക്കുലപോലെ, അണ്ഡങ്ങൾപോലെ*
പാടത്ത് പശു ചെള്ള് വിതച്ചു
ചെള്ള് വിളഞ്ഞ പാടത്ത്
പശുവിന്‍െറ മൂത്രം വെടിയുപ്പു മണത്തു‌
അതിൻറെ ചാണകം പച്ചയ്ക്കു കത്തി
പശുമേഞ്ഞ വയലുകളൊക്കെ കത്തി
കരിഞ്ഞ വിളതിന്ന നാടുകത്തി
വരണ്ട ഒരു പുഴയൊഴുകി
അതിൻറെ തീരങ്ങളിൽ ശവങ്ങൾപൂത്തു
ശവങ്ങൾ പൂത്തുവരണ്ട ഒരു പുഴയൊഴുകി


----------------------------------------------------------

Wednesday 3 June 2015

ദുരർത്ഥം

എന്താണിവയ്ക്കെല്ലാം അർത്ഥം?
വരണ്ട രാത്രിയിൽ, ഉഷ്ണക്കിടക്കയിൽ
ജ്വരമൂർച്ഛയാർന്ന ശകലിത നിദ്രയിൽ
സ്വപ്നങ്ങളിൽ ഞാൻ കാണുന്നവയ്ക്ക്?

ഇരുളിലാഴ്ന്ന ഒരു വീടിൻറെ
ചതുരത്തിൽ കുഴിഞ്ഞ നടുത്തളം കാണുന്നു.
വാതിൽ തുറന്ന്, അകത്തേക്കു കാൽവെച്ചാൽ
അന്ധകാരത്തിൻറ ആഴങ്ങളിൽ വീണ് ഞാനൊറ്റയാകും.

ഒരു സ്വപ്നത്തിൻ ഇരുൾമുറിക്കുള്ളിൽ
എൻറെ ചങ്ങല കിലുക്കം കേൾക്കുന്നു.
വർണ്ണ സ്വപ്നങ്ങൾ കൊരുത്തിട്ട ചൂണ്ടയിൽ
എന്നാത്മാവ് നിരാലംബമായ് പിടയുന്നു.

കറുത്ത ഒരു കവിത തിളയ്ക്കുന്ന നദിയായൊഴുകുന്നു.
മുൾച്ചെടിക്കാടുകൾ മുടിച്ച തീരങ്ങളിൽ
പിടിച്ചേറുവാനാകാതെ അതിൽ
ഞാൻ മുങ്ങി മരിക്കുന്നു.

പഞ്ചേന്ദ്രിയങ്ങളിലും അവനവനെയറിയുന്ന
ജനസഞ്ചയമിരമ്പുന്ന ഒരു തെരുവുകാണുന്നു.
അവിടെയൊരു പട്ടിയെൻ ശവം തിന്നുന്നു.
ആദ്യമത് തിന്നത് നാവായിരുന്നു.
പിന്നെ കാതുകൾ.
കണ്ണുകൾ മാന്തി പുറത്തിടുന്നു
കാക്കകൾ കൊത്തി വലിച്ചിട്ട കുടലുകൾ
പുഴുക്കൾ നുരയ്ക്കും പുഴകളായ് തീരുന്നു
എന്താണിവയ്ക്കെല്ലാം അർത്ഥം?

Tuesday 3 March 2015

ബാബേൽ

ആകാശത്തിൻറെ അതിരിൽ കടലെന്നപോലെ,
നീലക്കരയുള്ള വെളുത്തശിരോവസ്ത്രമണിഞ്ഞ കന്യാസ്ത്രീകൾ
ജൈവകൃഷി നടത്തുന്ന പാടത്തിൻറെ നടുവിലൂടെ-
പട്ടണത്തിലേക്കുള്ള വഴി.
ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൻറെ മുന്നിൽ
നാൽക്കവലയിൽ നിന്ന് അത് തുടങ്ങുന്നു
ലോകംമുഴുവൻ ചുറ്റി അവിടെത്തന്നെ അവസാനിക്കുന്നു.

ജീവശാസ്ത്രപുസ്തകത്തിലെ
ഭക്ഷണശൃംഘലയെ വികൃതമായനുകരിച്ച്
കറുത്ത റോഡിലൊട്ടിയ പ്രാണികൾ തവള പാമ്പ് പൂച്ച പട്ടി മനുഷ്യര്‍
ഇരുകൈകൊണ്ടും പിടിച്ചുതൂങ്ങിയ ഒരു കടവാതിൽ
കസർത്തുകാട്ടുന്ന ഇലക്ട്രിക് ലൈനിൽ നിന്ന്
ചത്തുവീണ കാക്കകൾ കിളികൾ
ചീഞ്ഞ കോഴിക്കുടലിൻറെ കൊതിപ്പിക്കുന്ന ഗന്ധംപിടിച്ച കുറുക്കന്മാർ
ദഹിക്കാത്ത ആനപ്പിണ്ഡം, ദ്രവിക്കാത്ത ഇരുമ്പാണി
ടയറുരഞ്ഞ കറുത്ത പാടുകൾ
നിലക്കാത്ത വേഗങ്ങള്‍
ഓരോ റോഡും ഓരോ ഇൻസ്റ്റലേഷനാണ്.

കവലയിൽ കുന്തിച്ചിരിക്കുന്ന ഉത്തരേന്ത്യക്കാരൻ ഭയ്യ
ശിവമൂലിപ്പുകയിലലിഞ്ഞ് മഞ്ഞച്ച പല്ലുകൾ കാട്ടിച്ചിരിച്ച്
ഫിലോസഫി പറയുന്നു -
"യെഹീ വോ രാസ്താ ഹേ ജോ ഘർ സേ ആത്താ ഹേ
ഓർ വാപസ് ഭീ ജാതാ ഹേ"
പാൻപരാഗ് ചവയ്ക്കുന്ന ബംഗാളി കൂട്ടൂകാരൻ,
ഒഴുകുന്ന റോഡിന്‍റെ ആഴങ്ങളിലേക്ക്
ഹൗറാ ബ്രിഡ്ജിനടിയിലേക്കെന്ന പോലെ നോക്കി
ഭൂതകാലമോർത്ത്, ബീഡിപുകപുരണ്ട ചിരി കുരച്ചുതുപ്പുന്നു
''ഘർവാപസീ? ഹഹഹ''
വിഷംനിറച്ച സിലിക്കോൺ മുലകളുമായി നഗരം
അവരെയും കാത്തിരിക്കുന്നു.

കവിയും ഭ്രാന്തനുമായ പഴയ വിപ്ലവകാരി
കഞ്ചാവ് ബീഡി കടംവാങ്ങിവലിച്ച്
കലുങ്കിൻറെ മുകളിൽ കയറി
വലംകൈയുയർത്തി മുന്നോട്ടാഞ്ഞ്
മുസോളിയത്തിൽ നിന്ന് ഇപ്പോൾ ഇറങ്ങിവന്നഒരാളെപ്പോലെനിന്ന്
പലഭാഷകളിൽ കലമ്പുന്ന ജനക്കൂട്ടത്തെ
ഇങ്ങനെ അഭിസംബോധനചെയ്യുന്നു
"ബാബേൽഗോപുരം പണിയുന്നവരേ,
നിങ്ങൾക്ക് കവിതകളല്ല,
ആസൂത്രിതമായ ഒറ്റയാൾ ചാവേർ കലാപങ്ങളാണ് വേണ്ടത്
അതാണ് വേണ്ടത്.
അതാണ് വേണ്ടത്."

Saturday 14 February 2015

ചുംബനസാരം

പ്രിയേ,
അധരങ്ങളുണർന്ന്
ദന്തങ്ങളുരഞ്ഞ്
നാവുകളുലഞ്ഞ്
ഉമിനീരലിഞ്ഞ്
ഒരു ചുംബനത്തിൽ
നമുക്ക് ഈ പ്രപഞ്ചമുപേക്ഷിക്കുക.

സഹസ്രകോടി പ്രകാശവർഷങ്ങൾക്കുദൂരെ
അണഞ്ഞ താരകങ്ങളുടെ വെളിച്ചം
കാണുന്നിടത്തേക്ക് നാം പോവുക.
നാം ഒരുമിച്ച പ്രണയത്തിൻ പ്രകാശത്തിൽ
നക്ഷത്രമായ്ത്തീര്‍ന്ന ഭൂമിയെക്കാണാം.

ത്രികാലങ്ങൾക്കപ്പുറം
വൈദ്യുതാലിംഗനമേറ്റൊരു
സമയത്തിൽ, സ്ഥലരാശികളിൽ-
അമരരായ്ത്തീരുവാൻ നമുക്ക് ചുംബിക്കുക
മരിക്കാതിരിക്കാൻ നമുക്ക് പ്രണയിക്കുക.



ശ്രീക്ക്... ഇത് നമ്മുടെ ആദ്യ വലന്‍റൈന്‍ ദിനം....