Friday 25 April 2014

ഗബ്രിയേൽ ഗാർസിയ മാർക്വേസും വനജ മേമയും

പത്താം ക്ളാസിൽ പഠിക്കുന്ന സമയം. പഠിക്കുന്നു എന്നു പറയാൻ പറ്റില്ല തൃശ്ശൂർ സി.എം.എസ്. സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കാനായി പോകുന്ന സമയം. എസ്.എസ്.എൽ.സി. പരീക്ഷ അടുത്തിരിക്കുന്നു. ഒരു ദിവസം വനജ മേമ എന്നോടു ചോദിച്ചു ഈസ് ൻറെ പ്ളൂരൽ എന്താ? എന്താ ഈ പ്ളൂരൽ? അതുകൊണ്ട് ഈസിന് എന്താ പ്രയോജനം ഞാൻ ആലോചിച്ചുകൊണ്ടേയിരുന്നു. ഇംഗ്ളീഷും കണക്കുമായിരുന്നു എൻറെ സ്ഥിരം ശത്രുവിഷയങ്ങൾ. മറ്റു വിഷയങ്ങളിലെല്ലാം ആവറേജ് മാർക്ക് കിട്ടും. ഇംഗ്ളീഷിൽ ഒരു വിധം ജയിക്കും. കണക്കിൽ സ്ഥിരം തോൽക്കും. അന്നാണ് മേമ ഒരു തീരുമാനമെടുത്തത്. പരീക്ഷ കഴിയുന്നതുവരെ നീ ഇവിടെ (എൻറെ അമ്മവീട്ടിൽ) നിൽക്കുക. ഇവിടെനിന്നും സ്കൂളിൽ പോവുക. കുത്തിയിരുന്ന് പഠിക്കുക. സമ്മതിക്കുക അല്ലാതെ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.

അങ്ങനെ, എലിപ്പൊത്തുപോലെയുള്ള മുറികളുള്ള അമ്മയുടെ വലിയ വീട്ടിൽ തെക്കുവശത്തെ ചെറിയ നീളൻ മുറിയിൽ ഞാൻ തടവിലായി. കൈകൾ വിരിച്ചുപിടിച്ചാൽ മുറിയുടെ രണ്ടു ചുമരുകളിൽ തൊടാം. ഉമ്മറത്തുനിന്നും വലിയആളുകൾക്ക് കുനിഞ്ഞു കടക്കേണ്ട ചെറിയ വാതിലിലൂടെ കടന്നാൽ നേരെ എതിരെ ചുമരിനോട് ചേർന്ന് ഒരു ബുക്ക് ഷെൽഫ്. അതിനപ്പുറത്ത് ഒരു പഴയ ബെഞ്ച്. ബെഞ്ചിനു മുകളിൽ അനാദികാലം തൊട്ടുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിൻറെ കെട്ടുകൾ. സോവിയറ്റ് നാട് എന്ന പേരിൽ തിളങ്ങുന്ന കട്ടിയുള്ള കടലാസിൽ അച്ചടിച്ച വർണ്ണ ചിത്രങ്ങൾ നിറഞ്ഞ പുസ്തകങ്ങളുടെ കെട്ടുകൾ. അത് ഒരേ സമയം ജ്യോത്സ്യനും കമ്മ്യൂണിസ്റ്റുകാരനുമായ അച്ചാച്ചയുടെ വകയാണ്. നിശബ്ദവും സൗമ്യതീക്ഷ്ണവുമായ ആ സ്നേഹത്തെ കുറിച്ചോർക്കുമ്പോൾ എൻറെ കണ്ണ് നിറയുന്നു. മുറിയിലുള്ള മറ്റു ഫർണിച്ചർ നീല, വെള്ള, കറുപ്പ് നിറങ്ങളിൽ പ്ളാസ്റ്റിക് വരിഞ്ഞുമുറുക്കിയ ചതുരങ്ങളും മറ്റു ജ്യാമിതീയ രൂപങ്ങളും ഉള്ള ചെറിയ വട്ടക്കസേരയും അതിനുചേർന്ന് മരത്തിൻറെ ചെറിയ മേശയുമാണ്. മേശക്കു മുകളിലും ഒരു ബുക്ക് ഷെൽഫ്.

പുസ്തകം തിന്നു തിന്ന് പരിണാമം സംഭവിച്ച് പുസ്തകപ്പുഴുവിൻറെ രൂപത്തിലായിരുന്നു മേമ. ഓരോ ജീവിയും അത് നിലനിൽക്കുന്ന സാഹചര്യങ്ങൾനുസരിച്ച് അനുകൂലനങ്ങൾ രൂപപ്പെടുത്തുമെന്നു പറഞ്ഞത് വളരെ ശരിയാണ്. എനിക്കത് ഗവേഷണങ്ങൾ നടത്താതെ തന്നെ മനസ്സിലായി. ബുദ്ധിയുടെ തിളക്കമുള്ള രണ്ട് ഉണ്ടക്കണ്ണുകൾ. കണ്ണട. കാറ്റടിച്ചാൽ പറന്നുപോകുന്ന തരത്തിൽ മെലിഞ്ഞ പുഴുവിൻറേതുപോലുള്ള ശരീരം. അന്ന് മേമ ആംഗലേയ സാഹിത്യത്തിൽ ബി.എ, എം.എ, എം.എഡ് എന്നിവ കഴിഞ്ഞിരുന്നു. എന്തായാലും എൽ.എൽ.ബി. ക്ക് പഠിക്കുകയായിരുന്നു. അതിനോടൊപ്പം ഏതൊക്കെയോ ഹയർ സെക്കൻററി സ്കൂളുകളിൽ വിസിറ്റിംഗ് ടീച്ചറായി ഇംഗ്ളീഷ് പഠിപ്പിക്കുയും, വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇരുപത്തഞ്ചോ ഇരുപത്താറോ വയസ്സ് പ്രായമുണ്ടായിരുന്നിരിക്കും. ഒരു മനുഷ്യൻ എന്തിനാണ് ഇത്രയധികം പഠിക്കുന്നത്? എനിക്ക് മനസ്സിലായിരുന്നില്ല.

പഠിക്കാനുള്ളതൊഴിച്ച് മറ്റേതു പുസ്തകം വായിക്കാനും എനിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കയ്യെത്തുന്നിടത്തും കണ്ണെത്തുന്നിടത്തും പുസ്തകങ്ങൾ. പുസ്തകങ്ങളുടെ ഒരു കടലിൽ ഞാൻ. വായിച്ചവയും, വായിച്ചാൽ മനസ്സിലാകാത്തവയും, ഇംഗ്ളീഷ് പുസ്തകങ്ങളും ഒഴിച്ച് ഒരുവിധപ്പെട്ടതെല്ലാം ഞാനും തിന്നുതീർത്തു. വായനയിൽ ഉന്മാദംകൊണ്ട ദിവസങ്ങൾ. മെറ്റമോർഫസിസ് വായിച്ച രാത്രി വെളുക്കുമ്പോൾ ഞാൻ കിടന്നിരുന്നടത്ത് പല കാലുകളും കൈകളുമായി ഗ്രിഗറി സാംസ ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചു. ന്യൂട്ട് ഹാംസൻറെ വിശപ്പ് വായിച്ച് വിശപ്പ് എന്താണെന്നറിയാൻ വിശക്കുന്നതുവരെ പട്ടിണികിടന്നു. ബോറടിക്കുമ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയും, മാലി കഥകളും, വായിച്ചു രസിച്ചു. ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ വീണ്ടും വീണ്ടും വായിച്ചു. മദനൻ എന്നെഴുതി മാഡ് മാൻ എന്ന് വരക്കുന്ന (വി.കെ.എൻ. വിശേഷണം) വരകൾക്കുതാഴെ വി.കെ.എൻ കഥകൾ വായിച്ച് ചിരി അമർത്തിപ്പിടിച്ച് ശ്വാസംമുട്ടി. പാപബോധത്തിൻറെ ആഘോഷമായ വസൂരി വായിച്ച രാത്രിയിൽ പനിപിടിച്ചു. മറിയ ചേടത്തി സ്വന്തം മരുമകനെ വശീകരിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നത് വായിക്കുമ്പോൾ അവർ അനുഭവിക്കുന്നതിലും വലിയ ആത്മസംഘർഷം ഞാൻ അനുഭവിക്കുകയായിരുന്നു. അടച്ചിട്ട മുറിക്കുള്ളിൽ ചെക്കൻ കുത്തിയിരുന്ന് പഠിക്കുകയാണെന്ന് തെറ്റിധരിച്ചിരിക്കുന്ന വീട്ടുകാരെ മുഴുവൻ പറ്റിക്കുന്ന ഞാൻ....

അങ്ങിനെ വായന ആഘോഷിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു പുസ്തകം എന്നെയും കൊണ്ട് വേറെ ഒരു നാട്ടിലേക്ക് പോയത്. ഓറഞ്ചുനിറത്തിലുള്ള ചട്ടയിൽ കറുത്ത തടിയൻ അക്ഷരങ്ങൾ കൊണ്ട് പേര്. അതുവരെ കേട്ടിട്ടുപോലുമില്ലാത്ത പേരുള്ള ഒരു എഴുത്തുകാരൻ. ചില്ലുകൊണ്ടുള്ള നഗരം. പന്നിയുടെ വാലുള്ള കുട്ടികൾ, മണ്ണിൽ നിന്നും സ്വർണ്ണം വലിച്ചെടുക്കാനുള്ള കാന്തം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ. ജിപ്സികൾ കൊണ്ടുവന്ന അയസ്കാന്തത്തിലേക്ക് ആകർഷിക്കപ്പെട്ട ഇരുമ്പുസാമാനങ്ങൾ. വാതിലുകളുടെ കൊളുത്തുകൾപോലും ഊരിപ്പോന്നിരുന്നത്രേ. ആദ്യമായി ഐസുകട്ട കാണുന്ന ജനങ്ങൾ. സ്മൃതിനാശം. പുറത്ത് പേരെഴുതിവെച്ച പശു അങ്ങിനെയങ്ങിനെ ഞാൻ മറ്റേതോ ഒരു ലോകത്തിൽ എത്തിച്ചേർന്നു. വായിച്ചിട്ട് മുഴുവനും മനസ്സിലാകുന്നൊന്നുമുണ്ടായിരുന്നില്ല. എങ്കിലും താഴെവെക്കാൻ ഒരു മടി. ആ പുസ്തകവും എഴുത്തുകാരനും അങ്ങനെ എൻറെ കൂടെക്കൂടി. ഇപ്പോഴും അതങ്ങിനെതന്നെ. കോളറാക്കാലത്തെ പ്രണയത്തിൽ ഡോക്ടറുടെ സുഹൃത്തായ കേണൽ തീകൊളുത്തി ആത്മഹത്യ ചെയ്യുന്ന സമയത്ത്  ബെഞ്ചിൻറെ കാലിൽ വേണമെങ്കിൽ ഓടിപ്പോകാവുന്ന തരത്തിൽ തൻറെ വളർത്തുപട്ടിയെ ബന്ധിച്ചു. പട്ടി പക്ഷേ അവിടെ നിന്നും അനങ്ങിയതുപോലുമില്ലത്രേ. എന്തായിരുന്നു അതിനു കാരണം? ആ പട്ടിയുടെ അവസ്ഥയിലായി മാർക്വേസിൽ ബന്ധിതനായ ഞാൻ. ഏതു കാര്യത്തിലും പെട്ടെന്ന് വികാരാധീനനാവുക എന്നത് എൻറെ ഒരു സ്വഭാവമാണ്. മാർക്വേസ് മരിച്ചപ്പോൾ ബ്ളോഗുകളിലും, ഗൂഗിൾ പ്ളസിലും, ആഴ്ച്ചപ്പതിപ്പുകളിലുമെല്ലാം എഴുത്തിൽ ദിവസങ്ങളോളം അദ്ദേഹം നിറഞ്ഞപ്പോൾ ഞാനതെല്ലാം നിറകണ്ണുകളോടെയാണ് വായിച്ചു തീർത്തത്. എൻറെ ബന്ധുവും സ്വന്തവുമായിരുന്ന ഒരാളെ പറ്റി മറ്റുള്ളവർ എഴുതന്നത് വായിക്കുന്നപോലെ. ഓർമ്മകളസ്തമിച്ച ഗാബാ മുമ്പേ മരിച്ചിരുന്നു എങ്കിലും.

ഒരാൾ മരിക്കുമ്പോൾ അയാളുടെ അറിവുകൾ, ഭാവന, കഴിവുകൾ, ഓർമ്മകൾ, അയാളെക്കുറിച്ചുള്ള ഓർമ്മകൾ, അയാളുടെ സ്നേഹം, അയാളോടുള്ള സ്നേഹം, ദേഷ്യം ഇതെല്ലാം എവിടെയാണ് പോകുന്നത്? മാന്ത്രികതയുടെ വറ്റാത്ത മഷിയൊഴിച്ച മാർക്വേസിൻറെ പേന ഇനി ഏതു ഭാഷയിലാണ് എഴുതിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ്, മേമ എം.ഫില്ലിൻറെ ഏതോ തീസീസോ മറ്റോ സമർപ്പിക്കാനുള്ള ഓട്ടത്തിൽ. മലപ്പുറത്തെ, ചങ്ങരംകുളം - വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻററി സ്കൂളിലാണ്  ഇപ്പോൾ പഠിപ്പിക്കുന്നത്. അതിനു മുമ്പ് വരടിയത്തും, മതിലകത്തുമുള്ള ടി.എച്ച്.എസ്.എസ്. സ്കൂളുകളിൽ പ്രിൻസിപ്പൽ ഇൻചാർജ്ജായിരുന്നു. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയിട്ടില്ല. മിക്കവാറും ദിവസങ്ങളിൽ, തൃശ്ശൂർ മുനിസിപ്പൽ സ്റ്റാൻറിൽ ബസ്സിറങ്ങി പോസ്റ്റ് ഓഫീസ് റോഡിലുള്ള എൻറെ കടയിൽ വരും. എന്തെങ്കിലും പറഞ്ഞിരിക്കും. കപ്പലണ്ടി മിട്ടായി തരും. കുറേ നാളായി മേമയെ കണ്ടിട്ട് എന്നു കരുതി ഞാൻ തിരിഞ്ഞു നോക്കുന്നത് മിക്കവാറും മേമയുടെ മുഖത്താവാറുണ്ട്. ഒരു ദിവസം ജയമേമ വിളിക്കുന്നു. പരിഭ്രാന്തമായ സ്വരം ഡാ വേഗം വാ വനജയ്ക്ക് എന്തോ ആക്സിഡൻറ് പറ്റി. കൂർക്കഞ്ചേരി എലൈറ്റ് ഹോസ്പിറ്റലിൽ ആറോ ഏഴോ ദിവസം കടതുറക്കാതെ, ഊണും ഉറക്കവും ശരിക്കല്ലാതെ, ചേറൂർ ഐ.എം.എയിലെ ബ്ളഡ് ബാങ്കിലേക്ക് ഓട്ടവും, സ്കാനിംഗും, ചെക്കിംഗും,  ഐ.സി.യുവിനു മുന്നിലെ കാത്തിരിപ്പും. മേമയുടെ സഹോദരങ്ങൾ, അവരുടെ മക്കളായ ഞങ്ങൾ, പ്രിയപ്പെട്ട ശിഷ്യർ, സഹപ്രവർത്തകർ ഞങ്ങളെല്ലാം അവിടെയുണ്ടായിരുന്നു.  എന്നിട്ടും ഓണത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പ് മേമ പോയി. ഇപ്പോൾ മാക്കൊണ്ടയിലിരുന്ന് മാർക്വേസിനൊപ്പം വർത്തമാനം പറയുകയായിരിക്കും. നമ്മുടെ മാർക്വേസ് മരിച്ച ദുഃഖം ഞാനാരോട് പറഞ്ഞു കരയും? മലയാള ബിരുദ ക്ളാസ്സുകളിൽ കഷ്ടപ്പെട്ട് പഠിച്ച കവിതയുടെ രണ്ടോ മൂന്നോ വരികൾ പറയാൻ ഞാൻ ശ്രമിക്കുമ്പോൾ ആ കവിതമുഴുവൻ ചൊല്ലിത്തരാറുള്ള എൻറെ മേമ. നർത്തകിയും കംപോസറുമായ ജയമേമക്കുവേണ്ടി സാഹിത്യഗർഭവും സാരവത്തുമായ അർദ്ധസംസ്കൃത കൃതികളെഴുതി സംഗീതം നൽകി നൃത്തശിൽപ്പങ്ങൾ തയ്യാറാക്കാറുള്ള മേമ. മരിക്കുന്നതുവരെ പഠിക്കണമെന്ന് എന്നെ പഠിപ്പിച്ച മേമ.

എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ് ഒരാൾ മരിക്കുമ്പോൾ അയാളുടെ അറിവുകൾ, ഭാവന, കഴിവുകൾ, ഓർമ്മകൾ, അയാളെക്കുറിച്ചുള്ള ഓർമ്മകൾ, അയാളുടെ സ്നേഹം, അയാളോടുള്ള സ്നേഹം, ദേഷ്യം ഇതെല്ലാം എവിടെയാണ് പോകുന്നത്?

8 comments:

  1. ഹൃദയസ്പർശിയായി എഴുതി വൈശാഖ്.
    എല്ലാം നമ്മുടെ മനസ്സിലാണ്. അനുഭവേദ്യമായതും ഇനി അറിയേണ്ടതും എല്ലാം നമ്മുടെ മനസ്സില് തന്നെയാണ്. ചിലവ നാം കൊണ്ട് നടക്കും. നമ്മുടെ പ്രജ്ഞ അവസാനിക്കും വരെ.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി പ്രദീപേട്ടാ.

      Delete
  2. ആരാലും അറിയപ്പെടാതെ എത്രയോ പേര്‍ കടന്നുപോകുന്നു. മറ്റുള്ളവരുടെ മനസ്സുകളില്‍ തങ്ങിനില്‍ക്കുവാന്‍ കഴിയുക എന്നത് ചിലര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യങ്ങളാണ്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചുവെന്നു വരില്ല.. പക്ഷെ അവ നമുക്ക് ചിന്തകളുടെ ഒരു പുതിയ ലോകം സമ്മാനിക്കും. അവിടെ നിന്നും അമൂല്യവും അപൂര്‍വ്വവുമായ അറിവിന്റെ പുതിയ ചില മുത്തുകള്‍ ലഭിച്ചേക്കും.

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി സുധീർഭായ്

      Delete
  3. പ്രിയ വൈശാഖാ, കൂടുതൽ പരിചയപ്പെട്ടതിൽ സന്തോഷം. ഒന്നാന്തരം ഭാഷ, അതിലുപരി മനസ്സിനെ സ്പര്ശിക്കുന്ന കാന്തിക ശക്തിയുള്ള അക്ഷരങ്ങൾ..താങ്കൾ ഒത്തിരി ഉയരങ്ങളിലെത്തട്ടെ കൂട്ടുകാരാ..
    തീർച്ചയായും മേമയുടെ അറിവുകൾ, ഭാവന, കഴിവുകൾ, ഓർമ്മകൾ ഇതൊന്നും എങ്ങും പോയിട്ടില്ല.തന്നിലൂടെ അത് ഞങ്ങളെ തേടിയെത്തും, കൂടുതൽ പ്രോജ്വലിച്ച് തന്നെ!! Shebin Joseph

    ReplyDelete
  4. നല്ല വാക്കുകൾക്ക് നന്ദി ഷെബിൻ ഭായ്

    ReplyDelete
  5. "ഒരാൾ മരിക്കുമ്പോൾ അയാളുടെ അറിവുകൾ, ഭാവന, കഴിവുകൾ, ഓർമ്മകൾ, അയാളെക്കുറിച്ചുള്ള ഓർമ്മകൾ, അയാളുടെ സ്നേഹം, അയാളോടുള്ള സ്നേഹം, ദേഷ്യം ഇതെല്ലാം എവിടെയാണ് പോകുന്നത്? മാന്ത്രികതയുടെ വറ്റാത്ത മഷിയൊഴിച്ച മാർക്വേസിൻറെ പേന ഇനി ഏതു ഭാഷയിലാണ് എഴുതിക്കൊണ്ടിരിക്കുന്നത് " > ഈ വരികളുടെ ഇഷ്ടത്തിലാണ് ഞാന്‍,... വനജമേമയെ കുറിച്ച് ഇതിലും ഹൃദ്യമായി വൈശാഖിനു ഓര്‍മ്മകള്‍ ഉണ്ടാകാം -പക്ഷെ, എഴുതാന്‍ കഴിയില്ല!.... ശരിയാണ് എവിടെക്കാണ്‌ ഒരാളുടെ ഓര്‍മ്മകള്‍ പോകുന്നത്!

    ReplyDelete
    Replies
    1. ആർഷച്ചേച്ചീ. നന്ദി. വായിച്ചതിന്. അഭിപ്രായം പറഞ്ഞതിന്.

      Delete