Friday 12 December 2014

ഓഷ്വിറ്റ്സിലെ ആടുജീവിതങ്ങൾ

നിസ്സഹായനായ നജീബിൻറെ വൈയക്തികമായ തകർച്ചകളുടെയും, ശുഭപ്രതീക്ഷയോടുകൂടിയ അയാളുടെ പൊരുതലുകളുടെയും കഥയായിരുന്നു ബെന്യാമിൻറെ ആടുജീവിതം. പ്രവാസം എന്ന അത്രയൊന്നും സുഖകരമല്ലാത്ത അവസ്ഥയോട് അതിപരിചിതനായ മലയാളിക്ക്, കഥയിലെ നജീബിൽ ഏറിയും കുറഞ്ഞും തന്നെയോ തൻറെ പരിചയക്കാരെയോ കണ്ടെത്താനോ ഭാവനചെയ്യാനോ സാധിച്ചു. ക്രാഫ്റ്റിലും അവതരണാവേഗത്തിലും പുതുമയുണ്ടായിരുന്ന, ഒരസാധാരണ ജീവിതാവസ്ഥയുടെ സാധാരണ കഥാനാവരണമായിരുന്ന ആടുജീവിതം മലയാളികൾ ഏറ്റെടുത്തു. അത്രയൊന്നും വായനാശീലരല്ലാത്ത, അത്യധ്വാനികളായ കൂലിപ്പണിക്കാർക്ക് ഭൂരിപക്ഷമുള്ള പ്രവാസിസമൂഹം നജീബിനൊപ്പം തങ്ങളുടെ ഉള്ളിലുള്ള മരുഭൂമികൾ താണ്ടുകയായിരുന്നു. പല പതിപ്പുകളായിറങ്ങിയ ആ പുസ്തകത്തിൻറെ സ്വീകാര്യതയ്ക്കുപിന്നിൽ അവർക്ക് വലിയ സ്ഥാനമുണ്ട്. നോവലിസ്റ്റും കാലങ്ങളായി ഒരു പ്രവാസിയായിരുന്നു. താൻ പരിചയപ്പെടാനെത്തിയ യഥാർത്ഥ ജീവിതത്തിലെ നജീബ്, ഭൗതികവാദത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ചചെയ്യുകയായിരുന്നു എന്നും, നോവലിൽ താൻ തൻറെ ഭാവനാനുസൃതമായി അദ്ദേഹത്തെ പുനരാവിഷ്കരിക്കുകയായിരുന്നു എന്നും ബെന്ന്യാമിൻ അനുസ്മരിക്കുന്നുണ്ട്.

ആടുജീവിതത്തോട് ചേർത്ത് വായിക്കേണ്ട നോവലാണ് ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി. രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി ജർമ്മനിയിലെ ജൂതവേട്ടയുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ പുസ്തകം മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള ലോകനോവലാണെന്ന് നിസ്സംശയം പറയാം. അരുൺ ആർഷ എന്ന നോവലിസ്റ്റിൻറെ അസാധാരണമായ പ്രതിഭാപൂർണതകൊണ്ടും ധിഷണാശേഷികൊണ്ടും അനന്യമായ ഈ ഗ്രന്ഥത്തിന്, മലയാള ഭാഷയിൽ മുൻമാതൃകകൾ ഉണ്ടായിട്ടില്ല. എല്ലാ ചെകുത്താന്മാരും ജനിക്കുന്നത് ദൈവനാമത്തിലാണ് എന്നു പറയുന്ന പോരാളി ഇതിഹാസസമാനമായ തലത്തിലേക്കുയരുന്നുണ്ട്. മനുഷ്യരാശികണ്ട ഏറ്റവും വലിയ ഉന്മൂലനത്തിന് പാത്രമായ ഒരു ജനതയെയും, അവരുടെ അഭിമാനബോധത്തെയും ലോകത്തിലെ ഏറ്റവും വലിയ മരണ ഫാക്ടറിയിലെ അവരുടെ ചെറുത്തു നിൽപ്പുകളെയും ഓർമ്മിപ്പിക്കുന്നതുകൊണ്ടുമാത്രമല്ല ഓഷ്വിറ്റ്സിലെ പോരാളി ഒരു ഇതിഹാസമാകുന്നത്. മറിച്ച്, വേട്ടയാടപ്പെട്ടിരുന്നവർ വേട്ടക്കാരായിമാറിയപ്പോൾ, തങ്ങളുടെ സഹോദരരോട് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകൾ വർത്തമാനകാലത്തിലെ വൈരുദ്ധ്യമായി അവശേഷിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്.  ജാതിയും മതവും വംശമഹിമയും വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും അസന്തുഷ്ടിയും ചേർന്ന് ജീവിതത്തെയും മാനുഷികഭാവങ്ങളെയും അത്യന്തം സങ്കീർണ്ണമാക്കിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി ഒരു ചരിത്ര നോവൽ എന്നതിനപ്പുറം, ഭീതിതമായ ഭാവിപ്രവചനമായിത്തീരുന്നത് തിരിച്ചറിയാം. ഒരു ചരിത്രവും വെറും ചരിത്രംമാത്രമല്ല. അത് ഭാവിയിലേക്കുള്ള ചൂണ്ടുപലകകൂടിയാണ്. രാഷ്ട്രീയപരവും ചരിത്രപരവുമായ അസാധാരണമായ ഉൾക്കാഴ്ചകൾ നൽകിയാണ് പോരാളിയുടെ ഓരോ അദ്ധ്യായവും പൂർത്തിയാവുന്നത്. എന്തുകൊണ്ടാണ് ഈ പുസ്തകത്തിന് അർഹമായ അനുവാചക-അക്കാദമിക പരിഗണനകൾ ലഭിക്കാത്തത്? അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അവനവനിസത്തിൽ അഭിരമിക്കുന്ന മലയാളിത്തമാണ് അതിനുകാരണം എന്നു തോന്നുന്നു. വ്യക്തികളുടെ അതിനാടകീയമായ ശോകാവസ്ഥകൾക്ക് പരിഗണനലഭിക്കുകയും, സമൂഹത്തെയും രാഷ്ട്രത്തെയും ഗ്രസിച്ചിരിക്കുന്ന ദുരിതപര്യവസായിയായ രാഷ്ട്രീയാവസ്ഥകൾ മനപൂർവ്വം അവഗണിക്കപ്പെടുകയും ചെയ്യുപ്പെടുന്നു.

ഈ വർഷം വായിച്ചതിൽ ഏറ്റവും ഉലച്ച പുസ്തകമായി, ഏറ്റവും മികച്ച പുസ്തകമായി ഓഷ്വിറ്റ്സിലെ ചുവന്നപോരാളിയെ ഞാൻ അടയാളപ്പെടുത്തുന്നു. അസഹിഷ്ണുതയുടെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പുഴുക്കളെപ്പോലെ പിടഞ്ഞുമരിച്ച ഓരോ വ്യക്തിയും ഞെട്ടിക്കുന്ന ഭീതിപ്പെടുത്തുന്ന അപായസൂചനകൾ നൽകുന്ന ഒരിരമ്പലോടെ എൻറെ തലച്ചോറിനുള്ളിൽ ആർത്തുകൊണ്ടിരിക്കുന്നു.

3 comments:

  1. ഓഷ്വിട്ട്സിലെ ചുവന്ന പോരാളി - ഈ നോവൽ വായിച്ചിരുന്നപ്പോൾ, ഒരായിരം കരച്ചിലുകൾ കാതിൽ വന്നലക്കുന്നതു പോലെതോന്നി. മരണം ക്രൂരതാണ്ഡവമാടിയ ഓഷ്വിറ്റ്സ് ക്യാമ്പിന്റെ ഇരുണ്ട ഉള്ളറകളിലേക്ക് ഞാൻ മനസ്സുകൊണ്ടൊരു യാത്ര പോയി....
    അവിടെ ക്രൂരയാതനകൾക്കോടുവിൽ മരണത്തിനു കീഴടങ്ങുന്ന നേരത്തും ഫ്യൂറെറുടെ തലയരിയാൻ കൊതിച്ച ഒരുപാട് പേരെ കണ്ടു. മരണവും സ്വാതന്ത്ര്യവും തമ്മിൽ ഒരു നേർത്ത വിടവു മാത്രമേയുള്ളു എന്നറിഞ്ഞിട്ടും അവർ അവസാനത്തെ ശ്രമംനടത്തിയത് പുറത്തു പോയി സുഖമായി ജീവിക്കാൻ ആയിരുന്നില്ല, ഒരു ലക്ഷ്യം മാത്രമായിരുന്നു ആ ശ്രമത്തിനു പിന്നിൽ - ഒരു സമൂഹത്തിന്റെ മുഴുവൻ മോചനം. വംശവെറിയുടെ പിടിയിൽനിന്നു യഹൂദജനത്തിനെ രക്ഷിക്കാനുള്ള ഒരു ശ്രമം.

    എല്ലാ വിപ്ലവത്തിലും,എല്ലാ സമരങ്ങളിലും, എല്ലാ പോരാട്ടങ്ങളിലും ചരിത്രം അടയാളപ്പെടുത്താൻ മറന്നു പോകുന്ന ചില രക്തതാരകങ്ങളുണ്ടാകും... ഇന്ത്യയിലെ എണ്ണമറ്റ സ്വതന്ത്രപോരാട്ടങ്ങളിൽ, ആൻറെമാനിലെ സെല്ലുലാർ ജയിലുകളിൽ, അമേരിക്കൻ അഭ്യന്തര യുദ്ധത്തിൽ, ഫ്രഞ്ച് വിപ്ലവത്തിൽ ഒക്കെ, സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും ചോരയും കൊടുത്ത ധീരൻമാർ. അങ്ങനെ ഒരു ധീര വിപ്ലവകാരിയെ - തോറ്റുപോയെങ്കിലും അവൻ ശ്രമിക്കാതിരുന്നില്ല - ഈ നോവൽ
    അടയാളപെടുത്തുന്നു.

    മറ്റൊരു കാര്യം കൂടി ഈ നോവൽ വായിച്ചപ്പോൾ തോന്നി, രണ്ടാം ലോകമഹായുദ്ധം ജയിച്ചു എന്നവകാശപെടുന്ന, സഖ്യ ശക്തികളും യഥാർത്ഥത്തിൽ തോൽക്കുക തന്നെയല്ലേ ചെയ്തത്....??

    ReplyDelete
    Replies
    1. ശരിയാണ് ഒരുയുദ്ധത്തിലും ആരും വിജയിക്കുന്നില്ല. വായനയ്ക്കും സമയത്തിനും നന്ദി ഭായ്....

      Delete
  2. വൈശാഖ്‌. . . നോവൽ ഗൗരവമായ വായനയ്ക്ക്‌ വിധേയമാക്കപ്പെട്ടു എന്നതിൽ ഏറെ സന്തോഷമുണ്ട്‌. വൈശാഖ്‌ സൂചിപ്പിച്ചതു പോലെ Historical നോവലുകൾ മലയാളത്തിൽ പലപ്പോഴും കാര്യമായ ചർച്ചകൾക്ക്‌
    വിധേയമാകാറില്ല എന്നത്‌ സത്യമാണു.വിദേശ പ്രമേയം കൂടിയാവുമ്പോൾ പ്രത്യേകിച്ചും. എങ്കിലും കുറച്ചൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നുമുണ്ട്‌.

    ReplyDelete