Tuesday 20 May 2014

ഉന്മാദി

പാതിയൊഴിഞ്ഞ മധുചഷകത്തിൽ
ചവർപ്പും മധുരവും തിളയ്ക്കുന്ന ലഹരിയായ് ജീവിതം.
ബോധാബോധങ്ങളുടെ പുകമൂടിയ
എൻറെ ഇരുൾ മുറിയാകെ
ചുരുട്ടിയെറിഞ്ഞ കടലാസു ചീന്തുകൾ -
നിർവൃതിയിലെത്താത്ത സ്വയംഭോഗങ്ങളുടെ
വ്യർത്ഥബോധംപുരണ്ട ശപ്തമാമോർമ്മകൾ.

ചുരുണ്ടുകിടക്കുന്ന ഒരു പേപ്പർ
ആയാസപ്പെട്ട് നിവർന്നുവരുന്നു.
അക്ഷരങ്ങൾക്ക് ജീവനുണ്ടോ?
അതിലെഴുതിയത് ഇങ്ങനെവായിച്ചു:

കവിതയാൽ ഞാനൊരുന്മാദിയായ്
ഉന്മാദത്താൽ ഞാനൊരു കവി(ത)യും.

Monday 19 May 2014

പട്ടികളേ...

പട്ടികളേ...

വിദ്യാർത്ഥി കോർണറിൻറെ തുരുമ്പിച്ച കൈവരികളിൽ പിടിച്ച്
മെല്ലിച്ച ശരീരം വില്ലുപോലെ വളച്ച് ശക്തിസംഭരിച്ച്
നിശബ്ദതയിലാഴ്ന്ന അർദ്ധരാത്രിയിലെ നഗരം
പ്രകമ്പനംകൊള്ളുമാറ് അയാൾ വിളിച്ചു.
പ്രസംഗിച്ചു തേഞ്ഞ അഭിസംബോധനകളുടെ മുഴക്കങ്ങളെല്ലാം
ദിഗന്തങ്ങളിൽ തട്ടി പ്രതിധ്വനിച്ചു.

ഇരവുകൾ പകലാക്കുന്ന ഹൈമാസ്റ്റ് വെളിച്ചത്തിൻകീഴിൽ
നൂറ്റാണ്ടുകൾകണ്ട മഹാവൃക്ഷങ്ങളിൽ
നിദ്രാ ഹോർമോണുകളിൽ വ്യതിയാനങ്ങൾ സംഭവിച്ച പക്ഷികൾ
അർദ്ധമയക്കത്തിൽനിന്നുണർന്ന് ചിലച്ചു നിശബ്ദമായി.
അവ അടയിരിക്കുന്ന മുട്ടകളിലെ ചാപിള്ളകൾ മാത്രം
ഒന്നുമറിയാതെ ഉറങ്ങി.

നഗരത്തിലെ പട്ടികളെല്ലാം പ്രസംഗപീഠത്തിൻറെ കീഴിലെത്തി
മുറുമുറുത്തു
പല്ലിളിച്ചു
പരസ്പരം കടിച്ചുമുറിഞ്ഞതിൽ നക്കി
വാലാട്ടി, കൂട്ടമായി ഓരിയിട്ടു.
സ്നേഹം നടിച്ചു.

സ്നേഹത്തെക്കുറിച്ച് അയാൾ പറഞ്ഞു
ഒരു പട്ടി മറ്റെല്ലാ പട്ടികളെയും സ്നേഹിക്കണം.
സാഹോദര്യത്തെക്കുറിച്ച് പറഞ്ഞു
ഒരു പട്ടി മറ്റെല്ലാ പട്ടികളെയും
സഹോദരീസഹോദരന്മാരായി കാണണം.
ബഹുമാനിക്കണം.
ലോക സമാധാനം, സംസ്കാരം, സോഷ്യലിസം,
കരുണ, ദയ, പ്രേമം, കാമം,
സഹിഷ്ണുത, ഒത്തൊരുമ
എല്ലാത്തിനെക്കുറിച്ചും ദീർഘമായി പ്രസംഗിച്ചു.
പട്ടികൾ എല്ലാം ഗ്രഹിച്ചു.

അനന്തരം, അയാൾ തൻറെ ചാക്കുകെട്ട് തുറന്ന്;
നഗരത്തിരക്കുകളിൽ നിന്ന്,
മുഖം മിനുക്കിയ ഭോജനാലയങ്ങളുടെ
ചീഞ്ഞപിന്നാമ്പുറങ്ങളിൽ നിന്ന് ശേഖരിച്ച
വിശിഷ്ട ഭോജ്യങ്ങൾ അവർക്കായി വിതറി.
എച്ചിലിനുവേണ്ടി ചീറിക്കൊണ്ട് കടികൂടി,
അവസാന എല്ലിൻകഷണവും ഭുജിച്ച ശേഷം
നാളെ തമ്മിൽ കാണാമെന്നു തമ്മിൽ പറഞ്ഞ്
പട്ടികൾ ഇരുളിൽ അലിഞ്ഞുപോയി.

(വിദ്യാർത്ഥി കോർണർ - തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിൻറെ തെക്കു പടിഞ്ഞാറുള്ള പ്രസിദ്ധമായ പ്രസംഗപീഠം)