Friday 26 December 2014

ഉറപ്പാണ്...

ദൈവം ഉണ്ട്
അല്ലെങ്കിലാരാണ് ഇളംകരിക്കിനുള്ളിൽ
വെള്ളം നിറയ്ക്കുക.
മൂത്ത തേങ്ങ വെട്ടിയുണക്കി
ആട്ടിയാൽ വെളിച്ചെണ്ണവരുത്തുക.

ദൈവം ഉണ്ടെന്നുറപ്പാണ്
അല്ലെങ്കിലാരാണ്
ഇളംകുരുന്നിനുള്ളിൽ സ്നേഹം വളർത്തുക.
മൂത്തവർ തങ്ങളിൽ വെട്ടിമരിക്കുമ്പോൾ
ഒരേ രക്തം വരുത്തുക.

Friday 12 December 2014

ഓഷ്വിറ്റ്സിലെ ആടുജീവിതങ്ങൾ

നിസ്സഹായനായ നജീബിൻറെ വൈയക്തികമായ തകർച്ചകളുടെയും, ശുഭപ്രതീക്ഷയോടുകൂടിയ അയാളുടെ പൊരുതലുകളുടെയും കഥയായിരുന്നു ബെന്യാമിൻറെ ആടുജീവിതം. പ്രവാസം എന്ന അത്രയൊന്നും സുഖകരമല്ലാത്ത അവസ്ഥയോട് അതിപരിചിതനായ മലയാളിക്ക്, കഥയിലെ നജീബിൽ ഏറിയും കുറഞ്ഞും തന്നെയോ തൻറെ പരിചയക്കാരെയോ കണ്ടെത്താനോ ഭാവനചെയ്യാനോ സാധിച്ചു. ക്രാഫ്റ്റിലും അവതരണാവേഗത്തിലും പുതുമയുണ്ടായിരുന്ന, ഒരസാധാരണ ജീവിതാവസ്ഥയുടെ സാധാരണ കഥാനാവരണമായിരുന്ന ആടുജീവിതം മലയാളികൾ ഏറ്റെടുത്തു. അത്രയൊന്നും വായനാശീലരല്ലാത്ത, അത്യധ്വാനികളായ കൂലിപ്പണിക്കാർക്ക് ഭൂരിപക്ഷമുള്ള പ്രവാസിസമൂഹം നജീബിനൊപ്പം തങ്ങളുടെ ഉള്ളിലുള്ള മരുഭൂമികൾ താണ്ടുകയായിരുന്നു. പല പതിപ്പുകളായിറങ്ങിയ ആ പുസ്തകത്തിൻറെ സ്വീകാര്യതയ്ക്കുപിന്നിൽ അവർക്ക് വലിയ സ്ഥാനമുണ്ട്. നോവലിസ്റ്റും കാലങ്ങളായി ഒരു പ്രവാസിയായിരുന്നു. താൻ പരിചയപ്പെടാനെത്തിയ യഥാർത്ഥ ജീവിതത്തിലെ നജീബ്, ഭൗതികവാദത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ചചെയ്യുകയായിരുന്നു എന്നും, നോവലിൽ താൻ തൻറെ ഭാവനാനുസൃതമായി അദ്ദേഹത്തെ പുനരാവിഷ്കരിക്കുകയായിരുന്നു എന്നും ബെന്ന്യാമിൻ അനുസ്മരിക്കുന്നുണ്ട്.

ആടുജീവിതത്തോട് ചേർത്ത് വായിക്കേണ്ട നോവലാണ് ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി. രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി ജർമ്മനിയിലെ ജൂതവേട്ടയുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ പുസ്തകം മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള ലോകനോവലാണെന്ന് നിസ്സംശയം പറയാം. അരുൺ ആർഷ എന്ന നോവലിസ്റ്റിൻറെ അസാധാരണമായ പ്രതിഭാപൂർണതകൊണ്ടും ധിഷണാശേഷികൊണ്ടും അനന്യമായ ഈ ഗ്രന്ഥത്തിന്, മലയാള ഭാഷയിൽ മുൻമാതൃകകൾ ഉണ്ടായിട്ടില്ല. എല്ലാ ചെകുത്താന്മാരും ജനിക്കുന്നത് ദൈവനാമത്തിലാണ് എന്നു പറയുന്ന പോരാളി ഇതിഹാസസമാനമായ തലത്തിലേക്കുയരുന്നുണ്ട്. മനുഷ്യരാശികണ്ട ഏറ്റവും വലിയ ഉന്മൂലനത്തിന് പാത്രമായ ഒരു ജനതയെയും, അവരുടെ അഭിമാനബോധത്തെയും ലോകത്തിലെ ഏറ്റവും വലിയ മരണ ഫാക്ടറിയിലെ അവരുടെ ചെറുത്തു നിൽപ്പുകളെയും ഓർമ്മിപ്പിക്കുന്നതുകൊണ്ടുമാത്രമല്ല ഓഷ്വിറ്റ്സിലെ പോരാളി ഒരു ഇതിഹാസമാകുന്നത്. മറിച്ച്, വേട്ടയാടപ്പെട്ടിരുന്നവർ വേട്ടക്കാരായിമാറിയപ്പോൾ, തങ്ങളുടെ സഹോദരരോട് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകൾ വർത്തമാനകാലത്തിലെ വൈരുദ്ധ്യമായി അവശേഷിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്.  ജാതിയും മതവും വംശമഹിമയും വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും അസന്തുഷ്ടിയും ചേർന്ന് ജീവിതത്തെയും മാനുഷികഭാവങ്ങളെയും അത്യന്തം സങ്കീർണ്ണമാക്കിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി ഒരു ചരിത്ര നോവൽ എന്നതിനപ്പുറം, ഭീതിതമായ ഭാവിപ്രവചനമായിത്തീരുന്നത് തിരിച്ചറിയാം. ഒരു ചരിത്രവും വെറും ചരിത്രംമാത്രമല്ല. അത് ഭാവിയിലേക്കുള്ള ചൂണ്ടുപലകകൂടിയാണ്. രാഷ്ട്രീയപരവും ചരിത്രപരവുമായ അസാധാരണമായ ഉൾക്കാഴ്ചകൾ നൽകിയാണ് പോരാളിയുടെ ഓരോ അദ്ധ്യായവും പൂർത്തിയാവുന്നത്. എന്തുകൊണ്ടാണ് ഈ പുസ്തകത്തിന് അർഹമായ അനുവാചക-അക്കാദമിക പരിഗണനകൾ ലഭിക്കാത്തത്? അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അവനവനിസത്തിൽ അഭിരമിക്കുന്ന മലയാളിത്തമാണ് അതിനുകാരണം എന്നു തോന്നുന്നു. വ്യക്തികളുടെ അതിനാടകീയമായ ശോകാവസ്ഥകൾക്ക് പരിഗണനലഭിക്കുകയും, സമൂഹത്തെയും രാഷ്ട്രത്തെയും ഗ്രസിച്ചിരിക്കുന്ന ദുരിതപര്യവസായിയായ രാഷ്ട്രീയാവസ്ഥകൾ മനപൂർവ്വം അവഗണിക്കപ്പെടുകയും ചെയ്യുപ്പെടുന്നു.

ഈ വർഷം വായിച്ചതിൽ ഏറ്റവും ഉലച്ച പുസ്തകമായി, ഏറ്റവും മികച്ച പുസ്തകമായി ഓഷ്വിറ്റ്സിലെ ചുവന്നപോരാളിയെ ഞാൻ അടയാളപ്പെടുത്തുന്നു. അസഹിഷ്ണുതയുടെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പുഴുക്കളെപ്പോലെ പിടഞ്ഞുമരിച്ച ഓരോ വ്യക്തിയും ഞെട്ടിക്കുന്ന ഭീതിപ്പെടുത്തുന്ന അപായസൂചനകൾ നൽകുന്ന ഒരിരമ്പലോടെ എൻറെ തലച്ചോറിനുള്ളിൽ ആർത്തുകൊണ്ടിരിക്കുന്നു.

Wednesday 4 June 2014

ചുടല

നീയെൻറെ അമ്മ
നീയെൻ സഹോദരി
നീയെൻറെ തോഴിയെന്നറിയുന്നു ഞാൻ

ഗദ്ഗദം വിങ്ങുന്ന തൊണ്ടപൊള്ളി
പറയുവാനൊരുവാക്ക്
'മാപ്പെ'ന്നുമാത്രം

നിൻറെ ശാപത്താലീഭൂമി
ചുടലയാവാതിരിക്കട്ടെ.



(ഡൽഹി, ബോംബെ, യു.പി., ബീഹാർ, സൂര്യനെല്ലി, വിതുര..... വനിതാ ജഡ്ജി)


Tuesday 20 May 2014

ഉന്മാദി

പാതിയൊഴിഞ്ഞ മധുചഷകത്തിൽ
ചവർപ്പും മധുരവും തിളയ്ക്കുന്ന ലഹരിയായ് ജീവിതം.
ബോധാബോധങ്ങളുടെ പുകമൂടിയ
എൻറെ ഇരുൾ മുറിയാകെ
ചുരുട്ടിയെറിഞ്ഞ കടലാസു ചീന്തുകൾ -
നിർവൃതിയിലെത്താത്ത സ്വയംഭോഗങ്ങളുടെ
വ്യർത്ഥബോധംപുരണ്ട ശപ്തമാമോർമ്മകൾ.

ചുരുണ്ടുകിടക്കുന്ന ഒരു പേപ്പർ
ആയാസപ്പെട്ട് നിവർന്നുവരുന്നു.
അക്ഷരങ്ങൾക്ക് ജീവനുണ്ടോ?
അതിലെഴുതിയത് ഇങ്ങനെവായിച്ചു:

കവിതയാൽ ഞാനൊരുന്മാദിയായ്
ഉന്മാദത്താൽ ഞാനൊരു കവി(ത)യും.

Monday 19 May 2014

പട്ടികളേ...

പട്ടികളേ...

വിദ്യാർത്ഥി കോർണറിൻറെ തുരുമ്പിച്ച കൈവരികളിൽ പിടിച്ച്
മെല്ലിച്ച ശരീരം വില്ലുപോലെ വളച്ച് ശക്തിസംഭരിച്ച്
നിശബ്ദതയിലാഴ്ന്ന അർദ്ധരാത്രിയിലെ നഗരം
പ്രകമ്പനംകൊള്ളുമാറ് അയാൾ വിളിച്ചു.
പ്രസംഗിച്ചു തേഞ്ഞ അഭിസംബോധനകളുടെ മുഴക്കങ്ങളെല്ലാം
ദിഗന്തങ്ങളിൽ തട്ടി പ്രതിധ്വനിച്ചു.

ഇരവുകൾ പകലാക്കുന്ന ഹൈമാസ്റ്റ് വെളിച്ചത്തിൻകീഴിൽ
നൂറ്റാണ്ടുകൾകണ്ട മഹാവൃക്ഷങ്ങളിൽ
നിദ്രാ ഹോർമോണുകളിൽ വ്യതിയാനങ്ങൾ സംഭവിച്ച പക്ഷികൾ
അർദ്ധമയക്കത്തിൽനിന്നുണർന്ന് ചിലച്ചു നിശബ്ദമായി.
അവ അടയിരിക്കുന്ന മുട്ടകളിലെ ചാപിള്ളകൾ മാത്രം
ഒന്നുമറിയാതെ ഉറങ്ങി.

നഗരത്തിലെ പട്ടികളെല്ലാം പ്രസംഗപീഠത്തിൻറെ കീഴിലെത്തി
മുറുമുറുത്തു
പല്ലിളിച്ചു
പരസ്പരം കടിച്ചുമുറിഞ്ഞതിൽ നക്കി
വാലാട്ടി, കൂട്ടമായി ഓരിയിട്ടു.
സ്നേഹം നടിച്ചു.

സ്നേഹത്തെക്കുറിച്ച് അയാൾ പറഞ്ഞു
ഒരു പട്ടി മറ്റെല്ലാ പട്ടികളെയും സ്നേഹിക്കണം.
സാഹോദര്യത്തെക്കുറിച്ച് പറഞ്ഞു
ഒരു പട്ടി മറ്റെല്ലാ പട്ടികളെയും
സഹോദരീസഹോദരന്മാരായി കാണണം.
ബഹുമാനിക്കണം.
ലോക സമാധാനം, സംസ്കാരം, സോഷ്യലിസം,
കരുണ, ദയ, പ്രേമം, കാമം,
സഹിഷ്ണുത, ഒത്തൊരുമ
എല്ലാത്തിനെക്കുറിച്ചും ദീർഘമായി പ്രസംഗിച്ചു.
പട്ടികൾ എല്ലാം ഗ്രഹിച്ചു.

അനന്തരം, അയാൾ തൻറെ ചാക്കുകെട്ട് തുറന്ന്;
നഗരത്തിരക്കുകളിൽ നിന്ന്,
മുഖം മിനുക്കിയ ഭോജനാലയങ്ങളുടെ
ചീഞ്ഞപിന്നാമ്പുറങ്ങളിൽ നിന്ന് ശേഖരിച്ച
വിശിഷ്ട ഭോജ്യങ്ങൾ അവർക്കായി വിതറി.
എച്ചിലിനുവേണ്ടി ചീറിക്കൊണ്ട് കടികൂടി,
അവസാന എല്ലിൻകഷണവും ഭുജിച്ച ശേഷം
നാളെ തമ്മിൽ കാണാമെന്നു തമ്മിൽ പറഞ്ഞ്
പട്ടികൾ ഇരുളിൽ അലിഞ്ഞുപോയി.

(വിദ്യാർത്ഥി കോർണർ - തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിൻറെ തെക്കു പടിഞ്ഞാറുള്ള പ്രസിദ്ധമായ പ്രസംഗപീഠം)

Friday 25 April 2014

ഗബ്രിയേൽ ഗാർസിയ മാർക്വേസും വനജ മേമയും

പത്താം ക്ളാസിൽ പഠിക്കുന്ന സമയം. പഠിക്കുന്നു എന്നു പറയാൻ പറ്റില്ല തൃശ്ശൂർ സി.എം.എസ്. സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കാനായി പോകുന്ന സമയം. എസ്.എസ്.എൽ.സി. പരീക്ഷ അടുത്തിരിക്കുന്നു. ഒരു ദിവസം വനജ മേമ എന്നോടു ചോദിച്ചു ഈസ് ൻറെ പ്ളൂരൽ എന്താ? എന്താ ഈ പ്ളൂരൽ? അതുകൊണ്ട് ഈസിന് എന്താ പ്രയോജനം ഞാൻ ആലോചിച്ചുകൊണ്ടേയിരുന്നു. ഇംഗ്ളീഷും കണക്കുമായിരുന്നു എൻറെ സ്ഥിരം ശത്രുവിഷയങ്ങൾ. മറ്റു വിഷയങ്ങളിലെല്ലാം ആവറേജ് മാർക്ക് കിട്ടും. ഇംഗ്ളീഷിൽ ഒരു വിധം ജയിക്കും. കണക്കിൽ സ്ഥിരം തോൽക്കും. അന്നാണ് മേമ ഒരു തീരുമാനമെടുത്തത്. പരീക്ഷ കഴിയുന്നതുവരെ നീ ഇവിടെ (എൻറെ അമ്മവീട്ടിൽ) നിൽക്കുക. ഇവിടെനിന്നും സ്കൂളിൽ പോവുക. കുത്തിയിരുന്ന് പഠിക്കുക. സമ്മതിക്കുക അല്ലാതെ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.

അങ്ങനെ, എലിപ്പൊത്തുപോലെയുള്ള മുറികളുള്ള അമ്മയുടെ വലിയ വീട്ടിൽ തെക്കുവശത്തെ ചെറിയ നീളൻ മുറിയിൽ ഞാൻ തടവിലായി. കൈകൾ വിരിച്ചുപിടിച്ചാൽ മുറിയുടെ രണ്ടു ചുമരുകളിൽ തൊടാം. ഉമ്മറത്തുനിന്നും വലിയആളുകൾക്ക് കുനിഞ്ഞു കടക്കേണ്ട ചെറിയ വാതിലിലൂടെ കടന്നാൽ നേരെ എതിരെ ചുമരിനോട് ചേർന്ന് ഒരു ബുക്ക് ഷെൽഫ്. അതിനപ്പുറത്ത് ഒരു പഴയ ബെഞ്ച്. ബെഞ്ചിനു മുകളിൽ അനാദികാലം തൊട്ടുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിൻറെ കെട്ടുകൾ. സോവിയറ്റ് നാട് എന്ന പേരിൽ തിളങ്ങുന്ന കട്ടിയുള്ള കടലാസിൽ അച്ചടിച്ച വർണ്ണ ചിത്രങ്ങൾ നിറഞ്ഞ പുസ്തകങ്ങളുടെ കെട്ടുകൾ. അത് ഒരേ സമയം ജ്യോത്സ്യനും കമ്മ്യൂണിസ്റ്റുകാരനുമായ അച്ചാച്ചയുടെ വകയാണ്. നിശബ്ദവും സൗമ്യതീക്ഷ്ണവുമായ ആ സ്നേഹത്തെ കുറിച്ചോർക്കുമ്പോൾ എൻറെ കണ്ണ് നിറയുന്നു. മുറിയിലുള്ള മറ്റു ഫർണിച്ചർ നീല, വെള്ള, കറുപ്പ് നിറങ്ങളിൽ പ്ളാസ്റ്റിക് വരിഞ്ഞുമുറുക്കിയ ചതുരങ്ങളും മറ്റു ജ്യാമിതീയ രൂപങ്ങളും ഉള്ള ചെറിയ വട്ടക്കസേരയും അതിനുചേർന്ന് മരത്തിൻറെ ചെറിയ മേശയുമാണ്. മേശക്കു മുകളിലും ഒരു ബുക്ക് ഷെൽഫ്.

പുസ്തകം തിന്നു തിന്ന് പരിണാമം സംഭവിച്ച് പുസ്തകപ്പുഴുവിൻറെ രൂപത്തിലായിരുന്നു മേമ. ഓരോ ജീവിയും അത് നിലനിൽക്കുന്ന സാഹചര്യങ്ങൾനുസരിച്ച് അനുകൂലനങ്ങൾ രൂപപ്പെടുത്തുമെന്നു പറഞ്ഞത് വളരെ ശരിയാണ്. എനിക്കത് ഗവേഷണങ്ങൾ നടത്താതെ തന്നെ മനസ്സിലായി. ബുദ്ധിയുടെ തിളക്കമുള്ള രണ്ട് ഉണ്ടക്കണ്ണുകൾ. കണ്ണട. കാറ്റടിച്ചാൽ പറന്നുപോകുന്ന തരത്തിൽ മെലിഞ്ഞ പുഴുവിൻറേതുപോലുള്ള ശരീരം. അന്ന് മേമ ആംഗലേയ സാഹിത്യത്തിൽ ബി.എ, എം.എ, എം.എഡ് എന്നിവ കഴിഞ്ഞിരുന്നു. എന്തായാലും എൽ.എൽ.ബി. ക്ക് പഠിക്കുകയായിരുന്നു. അതിനോടൊപ്പം ഏതൊക്കെയോ ഹയർ സെക്കൻററി സ്കൂളുകളിൽ വിസിറ്റിംഗ് ടീച്ചറായി ഇംഗ്ളീഷ് പഠിപ്പിക്കുയും, വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇരുപത്തഞ്ചോ ഇരുപത്താറോ വയസ്സ് പ്രായമുണ്ടായിരുന്നിരിക്കും. ഒരു മനുഷ്യൻ എന്തിനാണ് ഇത്രയധികം പഠിക്കുന്നത്? എനിക്ക് മനസ്സിലായിരുന്നില്ല.

പഠിക്കാനുള്ളതൊഴിച്ച് മറ്റേതു പുസ്തകം വായിക്കാനും എനിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കയ്യെത്തുന്നിടത്തും കണ്ണെത്തുന്നിടത്തും പുസ്തകങ്ങൾ. പുസ്തകങ്ങളുടെ ഒരു കടലിൽ ഞാൻ. വായിച്ചവയും, വായിച്ചാൽ മനസ്സിലാകാത്തവയും, ഇംഗ്ളീഷ് പുസ്തകങ്ങളും ഒഴിച്ച് ഒരുവിധപ്പെട്ടതെല്ലാം ഞാനും തിന്നുതീർത്തു. വായനയിൽ ഉന്മാദംകൊണ്ട ദിവസങ്ങൾ. മെറ്റമോർഫസിസ് വായിച്ച രാത്രി വെളുക്കുമ്പോൾ ഞാൻ കിടന്നിരുന്നടത്ത് പല കാലുകളും കൈകളുമായി ഗ്രിഗറി സാംസ ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചു. ന്യൂട്ട് ഹാംസൻറെ വിശപ്പ് വായിച്ച് വിശപ്പ് എന്താണെന്നറിയാൻ വിശക്കുന്നതുവരെ പട്ടിണികിടന്നു. ബോറടിക്കുമ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയും, മാലി കഥകളും, വായിച്ചു രസിച്ചു. ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ വീണ്ടും വീണ്ടും വായിച്ചു. മദനൻ എന്നെഴുതി മാഡ് മാൻ എന്ന് വരക്കുന്ന (വി.കെ.എൻ. വിശേഷണം) വരകൾക്കുതാഴെ വി.കെ.എൻ കഥകൾ വായിച്ച് ചിരി അമർത്തിപ്പിടിച്ച് ശ്വാസംമുട്ടി. പാപബോധത്തിൻറെ ആഘോഷമായ വസൂരി വായിച്ച രാത്രിയിൽ പനിപിടിച്ചു. മറിയ ചേടത്തി സ്വന്തം മരുമകനെ വശീകരിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നത് വായിക്കുമ്പോൾ അവർ അനുഭവിക്കുന്നതിലും വലിയ ആത്മസംഘർഷം ഞാൻ അനുഭവിക്കുകയായിരുന്നു. അടച്ചിട്ട മുറിക്കുള്ളിൽ ചെക്കൻ കുത്തിയിരുന്ന് പഠിക്കുകയാണെന്ന് തെറ്റിധരിച്ചിരിക്കുന്ന വീട്ടുകാരെ മുഴുവൻ പറ്റിക്കുന്ന ഞാൻ....

അങ്ങിനെ വായന ആഘോഷിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു പുസ്തകം എന്നെയും കൊണ്ട് വേറെ ഒരു നാട്ടിലേക്ക് പോയത്. ഓറഞ്ചുനിറത്തിലുള്ള ചട്ടയിൽ കറുത്ത തടിയൻ അക്ഷരങ്ങൾ കൊണ്ട് പേര്. അതുവരെ കേട്ടിട്ടുപോലുമില്ലാത്ത പേരുള്ള ഒരു എഴുത്തുകാരൻ. ചില്ലുകൊണ്ടുള്ള നഗരം. പന്നിയുടെ വാലുള്ള കുട്ടികൾ, മണ്ണിൽ നിന്നും സ്വർണ്ണം വലിച്ചെടുക്കാനുള്ള കാന്തം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ. ജിപ്സികൾ കൊണ്ടുവന്ന അയസ്കാന്തത്തിലേക്ക് ആകർഷിക്കപ്പെട്ട ഇരുമ്പുസാമാനങ്ങൾ. വാതിലുകളുടെ കൊളുത്തുകൾപോലും ഊരിപ്പോന്നിരുന്നത്രേ. ആദ്യമായി ഐസുകട്ട കാണുന്ന ജനങ്ങൾ. സ്മൃതിനാശം. പുറത്ത് പേരെഴുതിവെച്ച പശു അങ്ങിനെയങ്ങിനെ ഞാൻ മറ്റേതോ ഒരു ലോകത്തിൽ എത്തിച്ചേർന്നു. വായിച്ചിട്ട് മുഴുവനും മനസ്സിലാകുന്നൊന്നുമുണ്ടായിരുന്നില്ല. എങ്കിലും താഴെവെക്കാൻ ഒരു മടി. ആ പുസ്തകവും എഴുത്തുകാരനും അങ്ങനെ എൻറെ കൂടെക്കൂടി. ഇപ്പോഴും അതങ്ങിനെതന്നെ. കോളറാക്കാലത്തെ പ്രണയത്തിൽ ഡോക്ടറുടെ സുഹൃത്തായ കേണൽ തീകൊളുത്തി ആത്മഹത്യ ചെയ്യുന്ന സമയത്ത്  ബെഞ്ചിൻറെ കാലിൽ വേണമെങ്കിൽ ഓടിപ്പോകാവുന്ന തരത്തിൽ തൻറെ വളർത്തുപട്ടിയെ ബന്ധിച്ചു. പട്ടി പക്ഷേ അവിടെ നിന്നും അനങ്ങിയതുപോലുമില്ലത്രേ. എന്തായിരുന്നു അതിനു കാരണം? ആ പട്ടിയുടെ അവസ്ഥയിലായി മാർക്വേസിൽ ബന്ധിതനായ ഞാൻ. ഏതു കാര്യത്തിലും പെട്ടെന്ന് വികാരാധീനനാവുക എന്നത് എൻറെ ഒരു സ്വഭാവമാണ്. മാർക്വേസ് മരിച്ചപ്പോൾ ബ്ളോഗുകളിലും, ഗൂഗിൾ പ്ളസിലും, ആഴ്ച്ചപ്പതിപ്പുകളിലുമെല്ലാം എഴുത്തിൽ ദിവസങ്ങളോളം അദ്ദേഹം നിറഞ്ഞപ്പോൾ ഞാനതെല്ലാം നിറകണ്ണുകളോടെയാണ് വായിച്ചു തീർത്തത്. എൻറെ ബന്ധുവും സ്വന്തവുമായിരുന്ന ഒരാളെ പറ്റി മറ്റുള്ളവർ എഴുതന്നത് വായിക്കുന്നപോലെ. ഓർമ്മകളസ്തമിച്ച ഗാബാ മുമ്പേ മരിച്ചിരുന്നു എങ്കിലും.

ഒരാൾ മരിക്കുമ്പോൾ അയാളുടെ അറിവുകൾ, ഭാവന, കഴിവുകൾ, ഓർമ്മകൾ, അയാളെക്കുറിച്ചുള്ള ഓർമ്മകൾ, അയാളുടെ സ്നേഹം, അയാളോടുള്ള സ്നേഹം, ദേഷ്യം ഇതെല്ലാം എവിടെയാണ് പോകുന്നത്? മാന്ത്രികതയുടെ വറ്റാത്ത മഷിയൊഴിച്ച മാർക്വേസിൻറെ പേന ഇനി ഏതു ഭാഷയിലാണ് എഴുതിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ്, മേമ എം.ഫില്ലിൻറെ ഏതോ തീസീസോ മറ്റോ സമർപ്പിക്കാനുള്ള ഓട്ടത്തിൽ. മലപ്പുറത്തെ, ചങ്ങരംകുളം - വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻററി സ്കൂളിലാണ്  ഇപ്പോൾ പഠിപ്പിക്കുന്നത്. അതിനു മുമ്പ് വരടിയത്തും, മതിലകത്തുമുള്ള ടി.എച്ച്.എസ്.എസ്. സ്കൂളുകളിൽ പ്രിൻസിപ്പൽ ഇൻചാർജ്ജായിരുന്നു. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയിട്ടില്ല. മിക്കവാറും ദിവസങ്ങളിൽ, തൃശ്ശൂർ മുനിസിപ്പൽ സ്റ്റാൻറിൽ ബസ്സിറങ്ങി പോസ്റ്റ് ഓഫീസ് റോഡിലുള്ള എൻറെ കടയിൽ വരും. എന്തെങ്കിലും പറഞ്ഞിരിക്കും. കപ്പലണ്ടി മിട്ടായി തരും. കുറേ നാളായി മേമയെ കണ്ടിട്ട് എന്നു കരുതി ഞാൻ തിരിഞ്ഞു നോക്കുന്നത് മിക്കവാറും മേമയുടെ മുഖത്താവാറുണ്ട്. ഒരു ദിവസം ജയമേമ വിളിക്കുന്നു. പരിഭ്രാന്തമായ സ്വരം ഡാ വേഗം വാ വനജയ്ക്ക് എന്തോ ആക്സിഡൻറ് പറ്റി. കൂർക്കഞ്ചേരി എലൈറ്റ് ഹോസ്പിറ്റലിൽ ആറോ ഏഴോ ദിവസം കടതുറക്കാതെ, ഊണും ഉറക്കവും ശരിക്കല്ലാതെ, ചേറൂർ ഐ.എം.എയിലെ ബ്ളഡ് ബാങ്കിലേക്ക് ഓട്ടവും, സ്കാനിംഗും, ചെക്കിംഗും,  ഐ.സി.യുവിനു മുന്നിലെ കാത്തിരിപ്പും. മേമയുടെ സഹോദരങ്ങൾ, അവരുടെ മക്കളായ ഞങ്ങൾ, പ്രിയപ്പെട്ട ശിഷ്യർ, സഹപ്രവർത്തകർ ഞങ്ങളെല്ലാം അവിടെയുണ്ടായിരുന്നു.  എന്നിട്ടും ഓണത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പ് മേമ പോയി. ഇപ്പോൾ മാക്കൊണ്ടയിലിരുന്ന് മാർക്വേസിനൊപ്പം വർത്തമാനം പറയുകയായിരിക്കും. നമ്മുടെ മാർക്വേസ് മരിച്ച ദുഃഖം ഞാനാരോട് പറഞ്ഞു കരയും? മലയാള ബിരുദ ക്ളാസ്സുകളിൽ കഷ്ടപ്പെട്ട് പഠിച്ച കവിതയുടെ രണ്ടോ മൂന്നോ വരികൾ പറയാൻ ഞാൻ ശ്രമിക്കുമ്പോൾ ആ കവിതമുഴുവൻ ചൊല്ലിത്തരാറുള്ള എൻറെ മേമ. നർത്തകിയും കംപോസറുമായ ജയമേമക്കുവേണ്ടി സാഹിത്യഗർഭവും സാരവത്തുമായ അർദ്ധസംസ്കൃത കൃതികളെഴുതി സംഗീതം നൽകി നൃത്തശിൽപ്പങ്ങൾ തയ്യാറാക്കാറുള്ള മേമ. മരിക്കുന്നതുവരെ പഠിക്കണമെന്ന് എന്നെ പഠിപ്പിച്ച മേമ.

എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ് ഒരാൾ മരിക്കുമ്പോൾ അയാളുടെ അറിവുകൾ, ഭാവന, കഴിവുകൾ, ഓർമ്മകൾ, അയാളെക്കുറിച്ചുള്ള ഓർമ്മകൾ, അയാളുടെ സ്നേഹം, അയാളോടുള്ള സ്നേഹം, ദേഷ്യം ഇതെല്ലാം എവിടെയാണ് പോകുന്നത്?

Saturday 12 April 2014

രാമരാജ്യം

അമ്മയുടെ ചേലയഴിച്ചുണ്ടാക്കിയ തൊട്ടിലിൽ
ഉഷ്ണത്തിൽമുങ്ങി അവൾ ഉറങ്ങാതെ കിടന്നു
കാലുകൾ തൊട്ടിലിനു പുറത്തേക്ക് തൂങ്ങിക്കിടന്നു
പൊടിയിൽ മുങ്ങിയ ചെമ്പൻമുടി
തൊട്ടിലാട്ടത്തിനൊപ്പമാടി
താഴെ, ഇരുളിൽ കരച്ചിലും ഞരക്കവും
അമ്മയെ തിന്നുകയാണോ?‌

വിയർപ്പിൽ മുങ്ങിയ മുഖത്ത്
കണ്ണീരിൻ നനവൂർന്നിറങ്ങി
ചെവിയിൽ കണ്ണീരും വിയർപ്പും നനഞ്ഞു
ശബ്ദങ്ങളൊന്നും കേൾക്കാതെയായി
കണ്ണടയ്ക്കാതെ ഇരുളിനെ നോക്കി
ഉഷ്ണിച്ചുവിങ്ങി അവൾ ഉറങ്ങാതെ കിടന്നു.

അമ്മ ചുരുട്ടിപ്പിടിച്ചിരുന്ന നൂറുരൂപാ നോട്ടിൽ
ഗാന്ധിയുടെ കണ്ണടയുടെ സ്ഥാനത്ത്
ബീഡിക്കനലെരിച്ച ദ്വാരങ്ങൾ
അതിലൂടെ തിളയ്ക്കുന്ന നഗരത്തെ നോക്കി
ഇതെന്തെന്നവൾ അമ്മയെ നോക്കി

കണ്ണുനീർ നീറ്റുന്ന കണ്ണിലൂടെ,
മാഞ്ഞുകാണുന്ന നഗരത്തെ നോക്കി
അമ്മ ചൊല്ലി -
"രാമരാജ്യം"

Saturday 5 April 2014

ഇനിയും ഞാൻ പാടട്ടെ

വരണ്ടുപോയൊരു നീരൊഴുക്കു ഞാൻ -
എന്റെ സാക്ഷ്യമീ മരുഭൂമി,
കഴുകൻ തിന്നവശേഷിച്ച അസ്ഥിഗോപുരങ്ങൾ,
കൂടുകളിൽ വിശന്നുചത്ത കുഞ്ഞുങ്ങൾ.

ചത്ത കിളിയുടെ ചീഞ്ഞ വയറ്റിൽ
കെട്ട മുട്ടയിൽ പട്ട കുരുന്നിന്റെ കുരലാണു ഞാൻ.
എൻ സ്വരം കേൾക്കുന്നിലലെന്നതിന്നർത്ഥം
ഞാനില്ലയെന്നല്ല.

രാജവീഥിയിൽ, രഥചക്രങ്ങൾക്കടിയിൽ
ചതഞ്ഞരഞ്ഞ നായ ഞാൻ.*
പ്രാണനുവേണ്ടി മുട്ടിവിളിച്ചപ്പോൾ
വാതിലടച്ച്‌, നീ പുറത്താക്കിയ നിലവിളി.

ഞാൻ വെട്ടേറ്റുവീണ തെരുവോരങ്ങളിൽ
എൻ രക്തമിറ്റുന്ന വാൾത്തലപ്പുകളിൽ
എന്നെക്കരിച്ച ചുടലപ്പറമ്പുകളിൽ
ഇനിയും ഞാൻ പാടട്ടെ

ചത്ത കിളിയുടെ ചീഞ്ഞ വയറ്റിൽ
കെട്ട മുട്ടയിൽ പട്ട കുരുന്നിന്റെ കുരലാണു ഞാൻ.


*കാറിനടിയിൽ നായ്ക്കൾ പെട്ടുചത്താൽ സങ്കടം തോന്നുന്നതുപോലെ, ഗുജറാത്ത് കൂട്ടക്കൊലയിലും ഖേദിക്കുന്നുവെന്നുപറഞ്ഞ ഭരണാധികാരിയെ ഓർക്കുക.

Friday 14 March 2014

വിശ്വാസി

അപൂർണ്ണമായതുകൊണ്ടല്ല
ഞാൻ കവിതയിൽ വിശ്വസിക്കുന്നത്
മുഴുമിപ്പിക്കാനാകാത്ത, തിരുത്താനാകാത്ത
വിവർത്തനം ചെയ്യാനാകാത്ത
ഭ്രാന്തുകളിൽ അതെനിക്ക്
കൂട്ടിരിക്കുന്നതുകൊണ്ടുമാത്രമാണ്

http://kavithakodi.blogspot.in/2014/01/blog-post.html

Friday 14 February 2014

മഷി


എന്‍റെ പേനയില്‍ മഷിയില്ല
മേശയ്ക്കുമുകളില്‍ ജനാലയ്ക്കരികില്‍
വരണ്ടിരിക്കുന്നെന്‍ മഷിക്കുപ്പി
എന്‍റെ പേനയില്‍ മഷിയില്ല

എന്റെ തലയില്‍ പക്ഷേ തീയാണ്
പുകഞ്ഞുപൊങ്ങുന്ന, എരിച്ചടക്കുന്ന
ഉയിർ തിളയ്ക്കുന്ന തീയ്
എന്‍റെ പേനയില്‍ മഷിയില്ല


പൊള്ളുമെന്‍ സിരകളിലൂടൊഴുകിപ്പടരുന്നു
കടുംലഹരിപോലെ ഒരു കവിത
വരണ്ട പേനയിൽ മഷിയായ്  നിറയുന്നു
എന്റെ സിരകളിലൊഴുകും കവിത...
ശിരസ്സിൽ തിളച്ച കവിത...

Tuesday 11 February 2014

ഇരുമ്പാണി

ദേവാലയം കൊള്ളയടിക്കപ്പെട്ടു.

ഹേമദണ്ഡങ്ങളാൽ ശകലിതമായ
പീഡിതരൂപം തറച്ച സ്വർണക്കുരിശ്
സ്വർണ്ണക്കാസ സക്രാരി
പലതരം ഒച്ചകളിൽ കലമ്പുന്ന നേർച്ചപ്പെട്ടി -
അങ്ങിനെ, അൾത്താരയിൽ ശ്രീയേശുദേവൻറെ
ഇടവും വലവും ഉണ്ടായിരുന്നതെല്ലാം
എല്ലാം - രണ്ടു കള്ളന്മാർ കൊണ്ടുപോയി

അൾത്താരയ്ക്കുമുന്നിലെ നിസ്വാർത്ഥമാം
ഏകാന്ത ധ്യാനങ്ങളാൽ നിറവാർന്നവളായ
മക്കളില്ലാത്ത മറിയചേടത്തിയുടെ മിഴികൾ
കർത്താവിനെ സ്വർണക്കുരിശിൽനിന്നും മോചിപ്പിക്കാനായി
കള്ളന്മാർ പറിച്ചെറിഞ്ഞ ഇരുമ്പാണികൾ നോക്കി
തകർന്ന ക്രൂശിതരൂപം നോക്കി
ഇങ്ങനെ നിറയുന്നതു കേട്ടു -

"എന്റെ മോനേ, നിനക്കിപ്പോഴും നോവുന്നുണ്ടോ...."

ഇരുമ്പാണിത്തുമ്പുകളിൽ നിണം പൊടിയുന്നത്
അവൾ കാണുന്നുണ്ടത്രേ....

Friday 7 February 2014

എന്റെ പ്രണയം

എന്റെ പ്രണയം നീയെന്തു ചെയ്തു
നാം കണ്ട കനവുകൾ
ഞാൻ തന്ന പൂവുകൾ 
ചെന്നിറമാർന്ന തുടുത്ത നിൻ ചുണ്ടിൽ
എൻ ദന്തമാഴ്ന്നു തിണർത്തൊരാ പാടുകൾ....

എന്റെ കവിതകൾ നീയെന്തു ചെയ്തു 
നിന്നുഷ്ണമേറ്റു തിളച്ചൊരെൻ ചോരയെൻ
മഷിതണ്ടിലൂറ്റി ഞാൻ എഴുതിയ കവിതകൾ


എന്റെ കവിതകൾ നീയെന്തു ചെയ്തു.....

Thursday 6 February 2014

നിലാവിൽ കടൽ

നിലാവിൽ കടൽ

 
നിലാവിൽ കടലൊരു മനസ്സുപോലെ
പ്രണയവും പ്രളയവും ഉള്ളിലൊതുക്കി
കരളിലെ കുരുപോലെ നൊന്തുവിങ്ങി
സാന്ദ്രനീലമായ് സുഷുപ്തി

നിലാവിൽ മനസ്സൊരു കടലുപോലെ
നിലാവിൽ കടലൊരു മനസ്സുപോലെ