Tuesday 3 March 2015

ബാബേൽ

ആകാശത്തിൻറെ അതിരിൽ കടലെന്നപോലെ,
നീലക്കരയുള്ള വെളുത്തശിരോവസ്ത്രമണിഞ്ഞ കന്യാസ്ത്രീകൾ
ജൈവകൃഷി നടത്തുന്ന പാടത്തിൻറെ നടുവിലൂടെ-
പട്ടണത്തിലേക്കുള്ള വഴി.
ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൻറെ മുന്നിൽ
നാൽക്കവലയിൽ നിന്ന് അത് തുടങ്ങുന്നു
ലോകംമുഴുവൻ ചുറ്റി അവിടെത്തന്നെ അവസാനിക്കുന്നു.

ജീവശാസ്ത്രപുസ്തകത്തിലെ
ഭക്ഷണശൃംഘലയെ വികൃതമായനുകരിച്ച്
കറുത്ത റോഡിലൊട്ടിയ പ്രാണികൾ തവള പാമ്പ് പൂച്ച പട്ടി മനുഷ്യര്‍
ഇരുകൈകൊണ്ടും പിടിച്ചുതൂങ്ങിയ ഒരു കടവാതിൽ
കസർത്തുകാട്ടുന്ന ഇലക്ട്രിക് ലൈനിൽ നിന്ന്
ചത്തുവീണ കാക്കകൾ കിളികൾ
ചീഞ്ഞ കോഴിക്കുടലിൻറെ കൊതിപ്പിക്കുന്ന ഗന്ധംപിടിച്ച കുറുക്കന്മാർ
ദഹിക്കാത്ത ആനപ്പിണ്ഡം, ദ്രവിക്കാത്ത ഇരുമ്പാണി
ടയറുരഞ്ഞ കറുത്ത പാടുകൾ
നിലക്കാത്ത വേഗങ്ങള്‍
ഓരോ റോഡും ഓരോ ഇൻസ്റ്റലേഷനാണ്.

കവലയിൽ കുന്തിച്ചിരിക്കുന്ന ഉത്തരേന്ത്യക്കാരൻ ഭയ്യ
ശിവമൂലിപ്പുകയിലലിഞ്ഞ് മഞ്ഞച്ച പല്ലുകൾ കാട്ടിച്ചിരിച്ച്
ഫിലോസഫി പറയുന്നു -
"യെഹീ വോ രാസ്താ ഹേ ജോ ഘർ സേ ആത്താ ഹേ
ഓർ വാപസ് ഭീ ജാതാ ഹേ"
പാൻപരാഗ് ചവയ്ക്കുന്ന ബംഗാളി കൂട്ടൂകാരൻ,
ഒഴുകുന്ന റോഡിന്‍റെ ആഴങ്ങളിലേക്ക്
ഹൗറാ ബ്രിഡ്ജിനടിയിലേക്കെന്ന പോലെ നോക്കി
ഭൂതകാലമോർത്ത്, ബീഡിപുകപുരണ്ട ചിരി കുരച്ചുതുപ്പുന്നു
''ഘർവാപസീ? ഹഹഹ''
വിഷംനിറച്ച സിലിക്കോൺ മുലകളുമായി നഗരം
അവരെയും കാത്തിരിക്കുന്നു.

കവിയും ഭ്രാന്തനുമായ പഴയ വിപ്ലവകാരി
കഞ്ചാവ് ബീഡി കടംവാങ്ങിവലിച്ച്
കലുങ്കിൻറെ മുകളിൽ കയറി
വലംകൈയുയർത്തി മുന്നോട്ടാഞ്ഞ്
മുസോളിയത്തിൽ നിന്ന് ഇപ്പോൾ ഇറങ്ങിവന്നഒരാളെപ്പോലെനിന്ന്
പലഭാഷകളിൽ കലമ്പുന്ന ജനക്കൂട്ടത്തെ
ഇങ്ങനെ അഭിസംബോധനചെയ്യുന്നു
"ബാബേൽഗോപുരം പണിയുന്നവരേ,
നിങ്ങൾക്ക് കവിതകളല്ല,
ആസൂത്രിതമായ ഒറ്റയാൾ ചാവേർ കലാപങ്ങളാണ് വേണ്ടത്
അതാണ് വേണ്ടത്.
അതാണ് വേണ്ടത്."

No comments:

Post a Comment